തിരുവനന്തപുരം:കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കടത്തുന്നതിനിടെ 4 വർഷത്തിനുള്ളിൽ പിടികൂടിയത് 2291.51 കിലോഗ്രാം സ്വർണം. സ്വർണക്കടത്തിലും അതു പിടികൂടുന്നതിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. എന്നാൽ, കഴിഞ്ഞ വർഷം സ്വർണം പിടികൂടുന്നതിൽ കേരളത്തെ മറികടന്ന് മഹാരാഷ്ട്ര ഒന്നാമതെത്തി.
2023 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 542.36 കിലോഗ്രാം സ്വർണം പിടികൂടിയപ്പോൾ, മഹാരാഷ്ട്രയിൽ 997.51 കിലോഗ്രാം ആണ് കണ്ടെടുത്തത്. 2020, 21, 22 വർഷങ്ങളിൽ മഹാരാഷ്ട്രയിൽ നിന്ന് യഥാക്രമം 191.43 കിലോഗ്രാം, 119.22 കിലോഗ്രാം, 535.65 കിലോഗ്രാം വീതവും കേരളത്തിൽ നിന്ന് 406.39 കിലോഗ്രാം, 586.95 കിലോഗ്രാം, 755.81 കിലോഗ്രാം വീതവുമാണ് സ്വർണം പിടികൂടിയത്. രാജ്യാന്തര വിമാനത്താവളങ്ങളുടെ എണ്ണം കൂടുതലായതും കർശന പരിശോധനയുമാണ് കേരളത്തിൽ കൂടുതൽ സ്വർണം പിടികൂടാൻ കാരണമെന്ന് കസ്റ്റംസ് പറഞ്ഞു.
വജ്രം ഉൾപ്പെടെ വിലപിടിപ്പുള്ള കല്ലുകൾ കേരളത്തിൽ കള്ളക്കടത്തായി എത്തിയതു പിടികൂടിയിട്ടില്ലെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തിൽ മുന്നിൽ.
∙ ‘മുതൽക്കൂട്ടാ’യത് 11,957 കിലോ സ്വർണം
2020 മുതൽ 2023 ഒക്ടോബർ വരെ രാജ്യത്താകെ വിമാനത്താവളങ്ങൾ വഴി കടത്താനുള്ള ശ്രമത്തിനിടയിൽ പിടികൂടിയ സ്വർണത്തിന്റെ അളവ് 11957.64 കിലോഗ്രാം ആണ്. രാജ്യത്തു കള്ളക്കടത്തിനിടയിൽ കണ്ടെടുക്കുന്ന സ്വർണം നിയമനടപടികൾ പൂർത്തിയാക്കി റിസർവ് ബാങ്കിനു കൈമാറും.