
മോട്ടോര്‍ വാഹനവകുപ്പിന്റെ നിരീക്ഷണ ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇനി ‘വാഹന്‍’ സോഫ്റ്റ്വെയറിലൂടെ പിഴയടയ്ക്കണം. വകുപ്പിന്റെ പഴയ വെബ്സൈറ്റിലൂടെയും (സ്മാര്‍ട്ട് വെബ്) ഓഫീസുകളില്‍ നേരിട്ടും പിഴത്തുക സ്വീകരിച്ചിരുന്നതിന് പകരമാണ് പുതിയ സംവിധാനം.
‘ഇ ചെലാന്‍’, ‘വാഹന്‍’ എന്നീ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പിഴയടയ്ക്കാന്‍ ഉപയോഗിക്കാം. പിഴചുമത്തിക്കൊണ്ടുള്ള നോട്ടീസ്, എസ്.എം.എസ്. എന്നിവ ലഭിക്കുമ്പോള്‍ ഏതിലേക്കാണ് പണം അടയ്‌ക്കേണ്ടതെന്ന് വ്യക്തമാക്കും. നിലവിലുള്ള നിരീക്ഷണ ക്യാമറസംവിധാനങ്ങളില്‍ കണ്ടെത്തിയിട്ടുള്ള നിയമലംഘനങ്ങളെല്ലാം രാജ്യവ്യാപക ശൃംഖലയായ ‘വാഹന്‍’ സംവിധാനത്തിലേക്കു മാറ്റി.
പിഴചുമത്തിയിട്ടുള്ള ഓഫീസിലേക്ക് ഫോണില്‍ വിളിച്ചശേഷം വാഹനത്തിന്റെ നമ്പര്‍ പറഞ്ഞാല്‍ ഉടമയുടെ രജിസ്ട്രേഡ് നമ്പറിലേക്ക് യൂസര്‍നെയിമും പാസ്വേഡും ലഭിക്കും. ഇതുപയോഗിച്ചാണ് പിഴയടയ്‌ക്കേണ്ടത്.
എല്ലാ സംസ്ഥാനങ്ങളും ഇതേരീതിയില്‍ കേന്ദ്രീകൃത നെറ്റ്വര്‍ക്കിലേക്ക് മാറുന്നുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്ത് കരിമ്പട്ടിയില്‍പ്പെട്ടിട്ടുള്ള വാഹനത്തിന് പിഴയൊടുക്കി കരിമ്പട്ടിക മാറ്റാതെ മറ്റെങ്ങും സേവനങ്ങള്‍ ലഭിക്കില്ല.
ഓണ്‍ലൈനിലാണെങ്കിലും പലതവണയായുള്ള പിഴ ഒറ്റത്തവണയായി സ്വീകരിക്കില്ല. പ്രത്യേകം അടയ്‌ക്കേണ്ടിവരും. മറ്റു സംസ്ഥാനങ്ങള്‍ ഓരോ ഇടപാടിനും യൂസര്‍ചാര്‍ജ് ഈടാക്കുന്നുണ്ട്.