ഒരു യാത്ര പ്ലാൻ ചെയ്താലും അത് കൃത്യ സമയത്ത് നടക്കണമെന്നില്ല. അത്തരം സന്ദർഭങ്ങളിൽ നഷ്ടം സഹിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണ് പതിവ്. എന്നാൽ ഇതിന് പരിഹാരവുമായെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാനുള്ള സൗകര്യം ഇനി മുതലുണ്ടാകും. ഇത് വഴി ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള പിഴ ഒഴിവാക്കാനും പണം ലാഭിക്കാനും സാധിക്കും. യാത്രക്കാരന് കൺഫോം ടിക്കറ്റ് പിതാവ്, മാതാവ്, സഹോദരൻ, സഹോദരി, മകൻ, മകൾ, ഭർത്താവ്. ഭാര്യ എന്നിങ്ങനെ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്റെ പേരിലേക്ക് മാറ്റാവുന്നതാണ്. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് യാത്രക്കാർ അപേക്ഷ നൽകേണ്ടതാണ്. ഇതിന് ശേഷം ടിക്കറ്റിൽ യാത്രക്കാരന്റെ പേര് മാറ്റി, ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യുന്ന അംഗത്തിന്റെ പേര് ചേർക്കണം.
ദീർഘദൂര ട്രെയിനുകളാണെങ്കിൽ ട്രെയിൻ പുറപ്പെടുന്ന ദിവസവും, യാത്രക്കാരുടെ യാത്ര തീയതിയും വ്യത്യസ്തമായിരിക്കുമെന്നിരിക്കേ ശ്രദ്ധയോടെ വേണം അപേക്ഷ നൽകാൻ. ഒരാൾക്ക് ഒറ്റ തവണ മാത്രമേ ടിക്കറ്റ് മറ്റൊരാൾക്ക് നൽകാൻ കഴിയൂ. വിവാഹം പോലെയുള്ള കാരണത്താൽ ടിക്കറ്റ് കൈമാറ്റം ചെയ്യുന്നവരാണെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ടിക്കറ്റിനായി അപേക്ഷ നൽകണം. ഓൺലൈനായും ഈ സൗകര്യം ലഭ്യമാണ്. എൻസിസി കേഡറ്റുകൾക്കും ട്രാൻസ്ഫർ ആനുകൂല്യങ്ങൾ ലഭിക്കും.
ആദ്യം ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുത്ത് അടുത്തുള്ള റെയിൽവേ സ്‌റ്റേഷന്റെ റിസർവേഷൻ കൗണ്ടർ സന്ദർശിക്കുക. ടിക്കറ്റ് കൈമാറാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആധാർ അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ് കൈവശം വെയ്‌ക്കേണ്ടതാണ്. ഇവ ചേർത്ത് റിസർവേഷൻ കൗണ്ടറിൽ ടിക്കറ്റ് കൈമാറ്റത്തിനായി അപേക്ഷിക്കാവുന്നതാണ്.