Spread the love
വടക്കഞ്ചേരി അപകടം: വിശദ റിപ്പോർ‌ട്ട് ഇന്ന് ഗതാഗത മന്ത്രിക്ക് കൈമാറും

വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ വിശദമായ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇന്ന് ഗതാഗതമന്ത്രിയ്ക്ക് കൈമാറും. ഡ്രൈവർ ജോമോനും ബസിൻ്റെ ഉടമക്കുമെതിരെയുള്ള തുടർനടപടികളിൽ ഇന്ന് തീരുമാനം ഉണ്ടാകും എന്നാണ് കരുതുന്നത്. ജോമോൻ്റെ രക്തപരിശോധന ഫലവും ഇന്ന് പുറത്ത് വന്നേക്കും.ഇന്നലെ വൈകിട്ട് ആണ് പാലക്കാട് എൻഫോസ്‌മെന്റ് ആർ.ടി.ഒ എം.കെ.ജയേഷ് കുമാർ വിശദ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറിയത്. അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്താണ് 18 പേജുള്ള റിപ്പോർട്ട്‌. അപകടത്തിന്റെ ഡിജിറ്റൽ പുനരാവിഷ്കരണവും റിപ്പോർട്ടിന് ഒപ്പം ചേർത്തിട്ടുണ്ട്.ടൂറിസ്റ്റ് ബസ്സിന് അപകട സമയത്ത് ശരാശരി വേഗത്തേക്കാള്‍ ഏറെക്കൂടുതലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. റിപ്പോർട്ട്‌ പരിശോധിച്ച ശേഷമാകും മോട്ടോർ വാഹന വകുപ്പിൻ്റെ തുടർ നടപടികൾ. 5-ാം തീയതി വൈകീട്ട് ഏഴുമണിക്ക് മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസാണ് വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നില്‍ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഒരു അധ്യാപകനും അഞ്ച് വിദ്യാർത്ഥികളും അടക്കം ഒമ്പത് പേരാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരായിരുന്നു.

Leave a Reply