ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ ;നടപടി കരുവന്നൂർ തട്ടിപ്പു കേസിന്റെ പശ്ചാത്തലത്തിൽ.
തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നതിനു സമാനമായ തട്ടിപ്പുകൾ സഹകരണ സ്ഥാപനങ്ങളിൽ ആവർത്തിക്കാതിരിക്കാൻ സംഘങ്ങളിലെ ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്തുമെന്നു മന്ത്രി വി.എൻ.വാസവൻ.
സഹകരണ ബാങ്കുകളിൽ ഓഡിറ്റിനായി ഡപ്യൂട്ടി അക്കൗണ്ട് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണമെന്ന് അക്കൗണ്ടന്റ് ജനറലിനോട് ചീഫ് സെക്രട്ടറി വി.പി.ജോയി അഭ്യർഥിച്ചിട്ടുണ്ട്. മൂന്ന് ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതിയായിരിക്കും ഓഡിറ്റ് നടത്തുക. ഈ സമിതിയെ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ തസ്തികയിലുള്ള ഉദ്യോഗസ്ഥൻ നയിക്കും. സഹകരണ വകുപ്പിൽ കോ – ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിങ് ഇൻഫർമേഷൻ സിസ്റ്റം നടപ്പാക്കും.
‘സഹകരണ വകുപ്പിലെ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും. നിലവിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് റീജനൽ വിജിലൻസ് ഉദ്യോഗസ്ഥരായി പ്രവർത്തിക്കുന്നത്. ഇനി എസ്പി റാങ്കിലുള്ളവരെ നിയമിക്കും.’ – മന്ത്രി വി.എൻ.വാസവൻ”പറഞ്ഞു. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ ഐടി സംയോജനത്തിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കരുവന്നൂർ കേസിലെ കുറ്റവാളികൾക്കു മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുള്ള സമീപനമാണു സർക്കാരിനുള്ളത്. നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി പാക്കേജ് തയാറാക്കും. അവിടത്തെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്തുന്നതിനൊപ്പം സർക്കാരിന്റെയും കേരള ബാങ്കിന്റെയും സർപ്ലസ് ഫണ്ടുള്ള സഹകരണ സംഘങ്ങളുടെയും കൺസോർഷ്യം രൂപീകരിച്ചു നിക്ഷേപം മടക്കിക്കൊടുക്കാനാണു തീരുമാനമെന്നും മന്ത്രി പറഞ്ഞു.യുവാക്കളുടെ 25 സഹകരണ സംഘങ്ങൾ 2 ആഴ്ചയ്ക്കുള്ളിൽ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ ആദ്യമായാണ് ഇത്തരം സംരംഭം. കലാകാരന്മാരുടെ സഹകരണ സംഘം ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിക്കും. സർജിക്കൽ ഉൽപന്നങ്ങൾ നിർമിക്കാനുള്ള 12 വനിതാ സഹകരണ സംഘങ്ങളും ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിക്കുമെന്നും വാസവൻ അറിയിച്ചു.