Spread the love

നടൻ ടി എസ് രാജു മരിച്ചെന്ന് വ്യാജ റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. താൻ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് രാജു തന്നെ പിന്നീട് പ്രതികരിച്ചു. തനിക്ക് ഇത് മൂന്നാം ജന്മമാണെന്നും താരം വ്യക്തമാക്കി. ആദരാഞ്‍ജലി അര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സിനിമ നടൻ അജു വര്‍ഗീസ് അബദ്ധം മനസിലായപ്പോള്‍ വിളിച്ച് മാപ്പ് പറഞ്ഞെന്നും ടി എസ് രാജു ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

ടി എസ് രാജുവിനോട് ക്ഷമ ചോദിച്ചു എന്ന് അജു വര്‍ഗീസും ഫേസ്‍ബുക്കില്‍ കുറിച്ചു. സാറിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വേദനിപ്പിച്ച തെറ്റായ പ്രസ്‍താവന നടത്തിയതില്‍ ആത്മാര്‍ഥമായി ഖേദിക്കുന്നു. സാമൂഹ്യ മാധ്യമത്തില്‍ കണ്ട തെറ്റായ വാര്‍ത്ത വിശ്വസിക്കുകയായിരുന്നുവെന്നും അജു വ്യക്തമാക്കി. ഇതിനു മുമ്പും താൻ മരിച്ചുവെന്ന പ്രചരണമുണ്ടായിട്ടുണ്ടെന്നും ടി എസ് രാജു വ്യക്തമാക്കിയിരുന്നു.

സോഷ്യല്‍ മീഡിയയിലെ പ്രചരിച്ച ആ വാര്‍ത്ത കണ്ട് ടി എസ് രാജുവിനെ നേരിട്ട് വിളിച്ചുവെന്ന് നേരത്തെ നടൻ കിഷോര്‍ സത്യ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കിയിരുന്നു. താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയാണെന്ന് ടി എസ് രാജു വ്യക്തമാക്കുകയായിരുന്നു. വ്യാജ പ്രചരണത്തിലുള്ള ബുദ്ധിമുട്ട് തന്നെ അറിയിച്ച അദ്ദേഹം പുലര്‍ച്ചെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണെന്നും വ്യക്തമാക്കിയതായി കിഷോര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. സാമൂഹ്യ മാധ്യമത്തില്‍ സജീവമായ നിരവധി സിനിമാ ഗ്രൂപ്പുകളില്‍ ഇന്ന് പുലര്‍ച്ചെ മുതലാണ് ടി എസ് രാജു അന്തരിച്ചുവെന്ന തരത്തില്‍ പ്രചരണം നടന്നത്.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ടി എസ് രാജു. സിനിമകളിലേതിനേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത് ടെലിവിഷന്‍ പരമ്പരകളില്‍ ആയിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്‍ത ‘ജോക്കറി’ലെ ‘ഗോവിന്ദന്‍’ അടക്കം ചില മികവുറ്റ കഥാപാത്രങ്ങള്‍ ബിഗ് സ്ക്രീനിലും അദ്ദേഹത്തിന് ഉണ്ട്. നിരവധി നാടകങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

Leave a Reply