Spread the love

സെലിബ്രിറ്റികൾ മെലിഞ്ഞാലും കുറ്റം, തടിച്ചാലും കുറ്റം. മെലിഞ്ഞാൽ കോലം കെട്ടെന്നു പറയും, ഇനി തടിച്ചാലോ? വല്ലാത്ത വണ്ണം ജിമ്മിൽ ഒക്കെ പോയി ശരീരം ഒന്ന് ഷെയ്പ്പ് ചെയ്തുകൂടെ എന്നും ചോദിക്കും. ഇനി നിറത്തിന്റെ കാര്യത്തിൽ ആണെങ്കിലോ മേക്കപ്പ് ഇടാതെ സ്വന്തം നിറത്തിൽ ഒന്ന് പുറത്തിറങ്ങിയാൽ പിന്നെ കുറ്റപ്പെടുത്തലുകളായി, ഏറെ മത്സരം നിലനിൽക്കുന്ന പ്രൊഫഷനിൽ ഒന്ന് പിടിച്ചുനിൽക്കാൻ വല്ല കോസ്മെറ്റിക് സർജറികളും നിറം വയ്ക്കാനുള്ള ട്രീറ്റ്മെന്റുകളോ ചെയ്താൽ പിന്നെ അതായി അടുത്ത കുറ്റം. ‘ആർട്ടിഫിഷ്യൽ സൗന്ദര്യം’, ‘കുത്തിവെച്ചത്’ തുടങ്ങിയ അധിക്ഷേപ വാക്കുകൾ കൊണ്ട് ശരീരത്തെയും നിറത്തെയും സ്വഭാവത്തെയും എല്ലാം കുത്തി പറയും.

ബോളിവുഡ്- ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര ഈയടുത്ത് തടി കുറച്ച ലുക്കിൽ എത്തിയപ്പോൾ ‘എന്തെങ്കിലും അസുഖം ബാധിച്ചോ?’ ‘വല്ലാത്തൊരു കോലം!’ ‘കണ്ണിൽ കണ്ട സർജറി ഒക്കെ ചെയ്തു ഈ കോലത്തിൽ ആയി!’ തുടങ്ങി നിരവധി അധിക്ഷേപ കമന്റുകൾ താരത്തിനെതിരെ ഇന്ത്യൻ ആരാധകർ ഉന്നയിച്ചിരുന്നു. ഇത്തരത്തിൽ ഏറ്റവും ഒടുവിൽ തന്റെ മുഖത്തിന്റെയും സംസാരരീതിയുടെയും പേരിൽ കേൾക്കേണ്ടിവന്ന മോശം കമന്റുകൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് നടി ആലിയ ഭട്ടും.

കോസ്മെറ്റിക് സർജറിക്ക് പിന്നാലെ നടി ആലിയ ഭട്ടിന്റെ മുഖം കൂടിപ്പോയെന്നും നടി സൗന്ദര്യം വർദ്ധിപ്പിക്കാനായി ബോട്ടെക്സിന് വിധേയമായതോടെ മുഖത്തിന്റെ സ്വാഭാവിക ചലനശേഷി നഷ്ടപ്പെട്ടു എന്ന തരത്തിലുമായിരുന്നു വാർത്തകൾ പ്രചരിച്ചത്. ഇത് സ്ഥാപിക്കാനായി ആലിയയുടെ ഭാവപ്രകടനങ്ങളും സംസാരങ്ങളും ചികഞ്ഞെടുത്ത് പലരും ട്രോൾ വീഡിയോയും പ്രചരിപ്പിച്ചിരുന്നു. ഇതിന് ചുട്ട മറുപടിയുമായാണ് ആലിയ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

“കോസ്മറ്റിക്ക് സർജറി ചെയ്യുന്നത് സ്വന്തം ഇഷ്ടമാണ്. അതിനെ മറ്റുള്ളവർ ജഡ്ജ് ചെയ്യേണ്ട കാര്യമില്ല. എന്റെ ബോട്ടെക്‌സ് ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചുവെന്ന തരത്തിൽ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. എന്റെ സംസാര രീതി വിചിത്രമാണെന്നും വക്രിച്ച ചിരിയാണെന്നും നിങ്ങൾ പറയുന്നു. മനുഷ്യന്റെ മുഖത്തെ കുറിച്ച് വിധിക്കാൻ നിങ്ങൾ ആരാണ്, നിങ്ങൾ എന്താ കളിയാക്കുകയാണോ എന്ന് ആലിയ ചോദിച്ചു.

യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ​ഗുരുതരമായ അവകാശവാദങ്ങൾ എങ്ങനെയാണ് ഉന്നയിക്കുന്നത്. ഇന്റർനെറ്റിൽ സ്ത്രീകളുടെ മുഖം, ശരീരം, വ്യക്തിജീവിതം, എന്തിന് നിതംബങ്ങൾ പോലും വിമർശനത്തിന് വിധേയമാണ്. ഇത്തരം ഇഴകീറിയുള്ള പരിശോധനകൾ തീരെ നിലവാരം കുറഞ്ഞവയാണ്. ഓരോരുത്തർക്കും സ്വന്തം ഇഷ്ടവും സ്വന്തം തീരുമാനങ്ങളുമുണ്ട്. സ്വയം ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക, ആലിയ പറഞ്ഞു.

Leave a Reply