തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചുവെന്ന വാർത്ത വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പുറത്തുവരുന്ന വാർത്തകൾ പ്രകാരം വിവാഹമോചന ഹർജിയിൽ മറ്റൊരു പ്രമുഖ നടിയുമായുള്ള വിവാഹേതരബന്ധമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് നടനെതിരെ സംഗീത ഉന്നയിച്ചിരിക്കുന്നത്. 2021-ൽ ഈ ബന്ധം താൻ കണ്ടുപിടിച്ചുവെന്നും പിന്നാലെ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയെങ്കിലും അത് യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. എന്തായാലും ഈ വിവരങ്ങൾ അടങ്ങിയ ഹർജിയിലെ വിശദാംശങ്ങൾ പുറത്തുവന്നതോടെ നടന്റെ രാഷ്ട്രീയ ഭാവിയ്ക്കും വ്യക്തി ജീവിതത്തിലും വലിയ തിരിച്ചടിയായിരിക്കുകയാണ്. അതേസമയം സംഗീത പറഞ്ഞ പ്രമുഖ നടി ആരെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്.
അതേസമയം കോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ജോഡിയായ വിജയും തൃഷയും തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞ ബന്ധമുണ്ടെന്നും ഇക്കാരണത്താൽ വിജയ് ഭാര്യ സംഗീതയുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്നും കുറച്ചുകാലമായി പ്രചരിക്കുന്ന ഒരു പ്രധാന അഭ്യൂഹമാണ്. വിജയും തൃഷയും നിരന്തരം ഗോസിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും വലിയൊരു വിഭാഗം ആരാധകരും ഇവ വ്യാജമെന്ന് തള്ളിക്കളയുകയാണ് ഉണ്ടായത്. എന്നാൽ ഇക്കഴിഞ്ഞ നടന്റെ പിറന്നാളിനും മറ്റുമായി തൃഷ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പല ഫോട്ടോകളും താരത്തിന് പ്രതികൂലമായി മാറിയിരുന്നു. ഇത്തരം ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെ വ്യാപക വിമർശനങ്ങൾ നടിക്കും നേരിടേണ്ടിവന്നിരുന്നു. എല്ലാത്തിനും പിന്നാലെ സംഗീതയുടെ ‘മറ്റൊരു നടി’ പരാമർശം കൂടിയായപ്പോൾ നടിക്കെതിരെ വിമർശനം ശക്തമാക്കുകയാണ് ആരാധകർ.നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് തഴെ കടുത്ത ഭാഷയിലാണ് ആളുകൾ കമന്റുകൾ ഇടുന്നത്.
‘ജസ്റ്റിസ് ഫോർ സംഗീത’ എന്ന ഹാഷ്ടാഗും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരു കുടുംബം നശിപ്പിച്ചു, നിങ്ങൾക്ക് എന്തിന്റെ കേടാണ് , വിജയ്‌യുടെ ഭാവി നശിപ്പിച്ചു എന്ന് തുടങ്ങി നിരവധി കമന്റുകളാണ് തൃഷയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ എത്തുന്നത്.








