ആലപ്പുഴ: ജൂണ്‍ ഒന്‍പത് മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഈ സമയത്ത് ഉപരിതല മത്സ്യബന്ധനം നടത്താന്‍ തടസ്സമില്ല. ജൂൺ 9ന് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം.

എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐഡികാര്‍ഡ് കയ്യില്‍ കരുതണമെന്ന് നിർദേശമുണ്ട്. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു തീരുമാനം. അയല്‍ സംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതിനു മുന്‍പ് കേരളതീരം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കും.
ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡീസല്‍ ബങ്കുകള്‍ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കും. ഇന്‍ബോര്‍ഡ് വളളങ്ങള്‍ക്ക് ഡീസല്‍ ലഭിക്കുന്നതിന് അതാത് ജില്ലകളിലെ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും. ഇതുവരെ കളര്‍ കോഡ് ചെയ്തിട്ടില്ലാത്ത ബോട്ടുകള്‍ നിരോധന കാലത്ത് കളര്‍കോഡ് ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശം നൽകി..