തിരുവനന്തപുരം∙ ശബരിമലയെ തകര്‍ക്കാനുള്ള വ്യജാപ്രചാരണങ്ങളാണ് മണ്ഡലമകരവിളക്കു കാലത്തു നടന്നതെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ നിയമസഭയില്‍ ആരോപിച്ചു. യഥാര്‍ഥ ഭക്തര്‍ ആരും ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങിയിട്ടില്ലെന്നും പമ്പയിലും മറ്റിടങ്ങളിലും മാലയൂരിയോ തേങ്ങയുടച്ചോ തിരികെ പോയത് കപടഭക്തരാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഭക്തര്‍ പമ്പയില്‍ മാലയൂരി തിരികെ പോകേണ്ട അവസ്ഥയുണ്ടായെന്ന എ.വിന്‍സെന്റിന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. ഇക്കുറി ശബരിമല തീര്‍ഥാടനം ദുരിതപൂര്‍ണമായിരുന്നുവെന്നു വിന്‍സെന്റ് അറിയിച്ചു.
മണ്ഡല മകരവിളക്ക് സീസണില്‍ ഏതാണ്ട് 52 ലക്ഷത്തിലധികം ആളുകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി മന്ത്രി അറിയിച്ചു. ചില സന്ദര്‍ഭങ്ങളില്‍ തിരക്ക് വര്‍ധിച്ചിരുന്നുവെന്നും ചില ദിവസങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മന്ത്രി സഭയെ അറിയിച്ചു. പക്ഷെ അതുപയോഗിച്ചുകൊണ്ട് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. സംഭവിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ടായി. സന്നിധാനത്ത് ഭക്തരെ തല്ലിച്ചതയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഒരു വിഡിയോ പ്രചരിപ്പിച്ചത് അതിനുദാഹരണമാണ്. യഥാര്‍ഥത്തില്‍ ഭക്തനെന്നു പറയുന്നയാളെ മര്‍ദിച്ചത് ആന്ധ്രയിലോ തെലങ്കാനയിലോ വച്ചാണ്. എന്നാല്‍ ശരണംവിളിയുമായി കൂട്ടിയോജിപ്പിച്ചാണ് വ്യാജവിഡിയോ പ്രചരിപ്പിച്ചത്. അത് ഭക്തരില്‍ വലിയ രീതിയിലുള്ള ആശങ്കയുണ്ടാക്കിയെന്നു മന്ത്രി അറിയിച്ചു.
തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ പൊലീസിന് ചിലപ്പോര്‍ ഇടപെടേണ്ടിവന്നിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇല്ലെങ്കില്‍ അവിടെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു. പുല്‍മേട്ടിലേയും പമ്പയിലേയും മുൻ അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ നമ്പര്‍ കുറച്ചപ്പോള്‍ പലയിടത്തും മണിക്കൂറുകളോയും വാഹനങ്ങള്‍ പൊലീസ് തടഞ്ഞിട്ടുവെന്നും അത് ഭക്തരെ വലച്ചുവെന്നും പി.സി.വിഷ്ണുനാഥ് എംഎല്‍എ ചൂണ്ടിക്കാട്ടി. കുടിക്കാന്‍ വെള്ളമില്ലാതെയും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമില്ലാതെയും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടിയെന്നും വിഷ്ണുനാഥ് അറിയിച്ചു . മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവര്‍ പ്രശ്‌നമുണ്ടായിട്ട് അവരുടെയെല്ലാം ഭാഷയില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന അവസ്ഥയുണ്ടായി. മള്‍ട്ടിലാംഗ്വേജ് തെറികേള്‍ക്കേണ്ട സാഹചര്യം സര്‍ക്കാരിന് നല്ലതല്ലെന്നും ഇനി ആ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു.