മുടി ചീകി കഴിഞ്ഞാൽ ചീപ്പിനുള്ളിൽ ഒരു കുട്ട മുടിയെന്ന് പലരും പറയുന്നത് നാം കേൾക്കാറുണ്ട്. മുടി കൊഴിച്ചിലിനും താരൻ പോകാനുമൊക്കെ ദിനംപ്രതി പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ധാരാളം ആൾക്കാരും നമുക്കിടയിലുണ്ട്. ചർമ സംരക്ഷണത്തിന് എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടോ അതിനേക്കാളും കൂടുതലായി മുടിയുടെ ആരോഗ്യത്തിനും ചിലർ സമയം കണ്ടെത്തും. സ്ത്രീകളെ പോലെ പുരുഷന്മാരും മുടിയുടെ ആരോഗ്യത്തിൽ ശ്രദ്ധാലുക്കളാണ്. മുടി കൊഴിച്ചിൽ മാറ്റി കരുത്തുറ്റ മുടിയിഴകൾക്കായി ചില എളുപ്പവഴികൾ പരിചയപ്പെടുത്താം.
ഉലുവയും ഗ്രാമ്പുവും വെള്ളത്തിലിട്ട് നന്നായി കുതിർത്ത് എടുക്കണം. ഒരു ദിവസം വെള്ളത്തിലിട്ടാൽ മാത്രമേ ഉലുവ നന്നായി കുതിർന്ന് വരികയുള്ളൂ. ഉലുവയിട്ട വെള്ളം ചെറിയ മഞ്ഞ നിറമാകുമ്പോൾ ആ പാത്രത്തിൽ നിന്ന് മാറ്റൊരു കുപ്പിയിലൊഴിച്ച് ഫ്രിഡ്ജിൽ വയ്‌ക്കണം. മൂന്ന് ദിവസം വരെ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും രണ്ട് നേരം ഉലുവ വെള്ളം മുടികളുടെ ഇടയിലേക്ക് സ്പ്രേ ചെയ്ത് കൊടുക്കണം.ഉലുവ വെള്ളം മുടിയിൽ സ്പ്രേ ചെയ്ത് 20 മിനിറ്റിന് ശേഷം കഴുകി കളയണം. അതിനായി ചെമ്പരത്തി താളി തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. ചെമ്പരത്തി ഇലയും പൂവും മിക്സിയിൽ നന്നായി അരച്ചെടുത്ത ശേഷം തുണികൊണ്ട് അരിച്ചുമാറ്റണം. ഇത് മുടിയുടെ ഇടയിലേക്ക് തേച്ചുകൊടുക്കുക. തലയോട്ടിയുടെ എല്ലാ ഭാഗത്തും എത്തുന്ന രീതിയിലാകണം തേച്ചുപിടിപ്പിക്കേണ്ടത്. അഞ്ച് മിനിറ്റിന് ശേഷം നന്നായി കഴുകി കളയുക. ഇത് ഏഴ് ദിവസം തുടർച്ചയായി പരീക്ഷിക്കുമ്പോൾ തന്നെ മാറ്റങ്ങൾ നേരിട്ട് അനുഭവിച്ചറിയാം. എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല പാർശ്വഫലങ്ങൾ ഇല്ലെന്നതും ആശ്വാസം നൽകുന്നു.