Spread the love
ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ; കേരളത്തിന് ദേശീയ പുരസ്‌കാരം

ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗ മുക്ത നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള സബ് നാഷണൽ സർട്ടിഫിക്കേഷന്റെ (Sub National certification of progress towards TB free status) ഭാഗമായി ഏർപ്പെടുത്തിയ പുരസ്‌കാരത്തിൽ സിൽവർ കാറ്റഗറിയിലാണ് സംസ്ഥാനത്തിന് അവാർഡ്. 2015നെ അപേക്ഷിച്ച് 2021ൽ 40 ശതമാനത്തിലധികം ക്ഷയരോഗനിരക്ക് കുറഞ്ഞതിനാണ് പുരസ്‌കാരം. സംസ്ഥാനങ്ങളുടെ പട്ടികയിൽ സിൽവർ കാറ്റഗറിയിൽ പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനമാണ് കേരളം. 50 ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.

ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ബഹുമതിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡ് സാഹചര്യത്തിലും ക്ഷയരോഗികളെ കണ്ടെത്തുന്നതിന് അക്ഷയ കേരളം പദ്ധതി വളരെ ഊർജിതമായി നടപ്പിലാക്കി. ക്ഷയരോഗികളെ ഈ പദ്ധതിയിലൂടെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. 2025ഓടെ ക്ഷയരോഗ മുക്തിയാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply