ട്വൽത്ത് മാൻ ചിത്രീകരണം ഉടൻ; മോഹൻലാൽ- ജിത്തുജോസഫ് ചിത്രത്തിൽ അഞ്ച് നായികമാർ
മോഹൻലാൽ -ജിത്തുജോസഫ് ഹിറ്റ് കൂട്ടുകെട്ടിന്‍റെ അടുത്ത ചിത്രം
ട്വൽത്ത്മാൻ , ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഒറ്റ ദിവസത്തെ ഒരു സംഭവമാണ് കഥയാക്കുന്നതെന്ന് സംവിധായകൻ
തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. സസ്‍പെൻസ് ത്രില്ലർ
തന്നെയാണ് ട്വൽത്ത്മാൻ എന്നാണ് സൂചന. കൊവിഡ് നിയന്ത്രണങ്ങളിൽ
ഇളവു വന്ന് അനുമതി ലഭിച്ചാലുടൻ ചിത്രീകരണം ആരംഭിക്കും.
25 ദിവസം കൊണ്ട് ഷൂട്ടിങ് തീർക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടുക്കി കുളമാവിലെ
റിസോർട്ടും കൊച്ചിയും മാത്രമായിരിക്കും ലൊക്കേഷൻ. 14 പേരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
അതുകൊണ്ട് തന്നെ കൊവിഡ് സാഹചര്യങ്ങൾക്ക് അനുസരിച്ച് ചിത്രീകരണം നടത്താനാകും.
ചിത്രത്തിൽ അഞ്ച് നായികമാർ ഉണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു വിവരം.
അദിതി രവി, അനുശ്രീ, ശിവദ, പ്രിയങ്ക നായർ, വീണാ നന്ദകുമാർ, ലിയോണ ലിഷോയ് എന്നിവർക്കൊപ്പം
സൈജുകുറുപ്പും അനുമോഹനും പ്രധാനവേഷങ്ങളിൽ
എത്തുന്നു. കെ.ആർ കൃഷ്ണകുമാറിന്‍റേതാണ് തിരക്കഥ.
നിഗൂഢത നിറഞ്ഞ ചിത്രത്തിന്‍റെ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 12 പേർ നിൽക്കുന്ന ഒരു വീട്ടിലേക്ക് മോഹൻ ലാൽ
നടന്നുവരുന്ന തരത്തിലായിരുന്നു പോസ്റ്റർ. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ
തന്നെയാണ് നിർമാണം. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. എഡിറ്റിങ് വി.എസ്. വിനായക്.
ചിത്രത്തിൽ പാട്ടുകളില്ല. പശ്ചാത്തല സംഗീതം ഒരുക്കുന്നത് അനിൽ ജോൺസൺ.
ദൃശ്യം തെലുങ്ക് പതിപ്പിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ജിത്തു ജോസഫ്.
വെങ്കിടേഷാണ്തെലുങ്ക് ചിത്രത്തിലെ നായകൻ. ഒപ്പം ദൃശ്യം 2വിന്‍റെ തമിഴ് റീമേക്കിനായുള്ള ചർച്ചകളും നടക്കുന്നു.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിക്ക് മുന്നേ ട്വൽത്ത് മാൻ
ചിത്രീകരണം പൂർത്തിയാക്കും. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ഷൂട്ടിങ്ങ് പൂർത്തിയാക്കാനുണ്ട്.
അതിന് ശേഷമാകും എമ്പുരാൻ തുടങ്ങുക. മരയ്ക്കാറും ആറാട്ടും തിയറ്റർ തുറന്നാലുടൻ റിലീസ് ചെയ്യും.