Spread the love

കോൺഗ്രസിനും വിലക്കേർപ്പെടുത്തി ട്വിറ്റർ; അയ്യായിരത്തോളം കോൺഗ്രസ് അനുകൂല അക്കൗണ്ടുകളും നീക്കം ചെയ്തു.


ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കു പിന്നാലെ കോൺഗ്രസ് പാർട്ടിയുടെയും നേതാക്കളുടെയും അടക്കം അയ്യായിരത്തോളം അക്കൗണ്ടുകൾക്കു ട്വിറ്റർ വിലക്കേർപ്പെടുത്തി. ട്വിറ്റർ നയത്തിനെതിരെ പ്രതിഷേധിച്ചു നേതാക്കളും പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ തങ്ങളുടെ ട്വിറ്റർ പ്രൊഫൈലിലെ പേരും ചിത്രവും രാഹുലിന്റേതാക്കി പിന്തുണയറിയിച്ചു. പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ പ്രൊഫൈൽ ചിത്രം രാഹുലിന്റേതാക്കി. 
ഇത്തരത്തിൽ രാഹുൽ ഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ച പല അക്കൗണ്ടുകളും ഇന്നലെ രാത്രിയോടെ ട്വിറ്റർ സ്ഥിരമായി റദ്ദാക്കി. മറ്റൊരാളുടെ അക്കൗണ്ട് ആണെന്നു തോന്നിപ്പിക്കുന്നത് ട്വിറ്ററിന്റെ നയമനുസരിച്ച് തെറ്റാണ്. ഇതനുസരിച്ചായിരുന്നു നടപടി. 
കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാൽ, രൺദീപ് സുർജേവാല, അജയ് മാക്കൻ, മാണിക്യം ടഗോർ, ജിതേന്ദ്ര സിങ്, സുഷ്മിത ദേവ് അടക്കം അയ്യായിരത്തോളം അക്കൗണ്ടുകളാണു വിലക്കിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥൻ, തമിഴ്നാട് എന്നിവിടങ്ങളിലെ കോൺഗ്രസ് കമ്മിറ്റികളുടെ അക്കൗണ്ടുകൾക്കു വിലക്കുണ്ട്. 
ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒൻപതുവയസ്സുകാരിയുടെ കുടുംബത്തെ രാഹുൽ സന്ദർശിക്കുന്ന ചിത്രം പങ്കുവച്ചതിനാണു വിലക്ക്. ചിത്രത്തിന്റെ പേരിൽ ദേശീയ ബാലാവകാശ കമ്മിഷൻ ട്വിറ്ററിനു നോട്ടിസ് നൽകിയിരുന്നു.
രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് വിലക്കിയിട്ട് 6 ദിവസം കഴിഞ്ഞു. അക്കൗണ്ടുകൾ വിലക്കിയാലും ജനങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നു കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ, അതിനിടെ
ബിജെപി സർക്കാരുമായി ട്വിറ്റർ ഒത്തുകളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾക്കു മുൻപേ സമാനമായ ചിത്രം ട്വീറ്റ് ചെയ്ത ദേശീയ പട്ടികജാതി കമ്മിഷനെ വിലക്കാത്തതെന്നും പ്രിയങ്ക ചോദിച്ചു. ട്വിറ്ററിന്റേത് ഇരട്ടത്താപ്പാണെന്നു ശശി തരൂർ എംപി പറഞ്ഞു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഹത്രസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തപ്പോൾ ട്വിറ്റർ നടപടിയെടുത്തില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
“അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നതു കുറ്റമാണെങ്കിൽ ഞാൻ കുറ്റക്കാരനാണ്. നീതിക്കു വേണ്ടി പോരാടുന്നതു കുറ്റമാണെങ്കിൽ ഞാൻ കുറ്റക്കാരനാണ്. അവർക്കു നമ്മെ ഒരു പ്ലാറ്റ്ഫോമിൽ നിന്നു വിലക്കാം, പക്ഷേ ജനങ്ങൾക്കു വേണ്ടി നമ്മൾ ഉയർത്തുന്ന ശബ്ദത്തെ അവർക്കു വിലക്കാൻ കഴിയില്ല. 130 കോടി ജനങ്ങളെ നിശ്ശബ്ദരാക്കാൻ കഴിയില്ല. ഭയപ്പെടാതിരിക്കുക, സത്യമേവ ജയതേ.” – രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്”.സ്വന്തം ട്വിറ്റർ അക്കൗണ്ടിനു രാഹുൽ ഗാന്ധിയുടെ പേരും ചിത്രവും നൽകിയ ശേഷം യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് കുറിച്ചതിങ്ങനെ: “എത്ര അക്കൗണ്ടുകൾ നിങ്ങൾ ബ്ലോക്ക് ചെയ്യും? ” എന്ന ചോദ്യത്തിന് പിന്നാലെയാണ് ആയിരക്കണക്കിനു പ്രൊഫൈലുകൾ രാഹുലിന്റെ പേരും ചിത്രവും ഉപയോഗിച്ചത്. ബിജെപിയുടെ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുന്നത് നിർത്തിയിട്ട്, ഒരു സമൂഹമാധ്യമമായി ട്വിറ്റർ പെരുമാറണമെന്നും ശ്രീനിവാസ് പറഞ്ഞു. 

Leave a Reply