തൃശൂർ∙ ഗുരുവായൂർ ആനക്കോട്ടയിൽ ആനകളെ പാപ്പാൻമാർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. രണ്ട് ആനകളെ പാപ്പാൻമാർ അടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്കു കൊണ്ടുവന്ന ആനകൾക്കാണ് ക്രൂരമർദ്ദനം ഏറ്റതെന്നാണ് വിവരം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അധികൃതർ അന്വേഷണം തുടങ്ങി. ഈ പാപ്പാൻമാരെ സസ്പെൻഡ് ചെയ്തു.
അതേസമയം, പുറത്തുവന്നത് പുതിയ ദൃശ്യങ്ങൾ അല്ലെന്ന് ആനക്കോട്ട അധികൃതർ വിശദീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വത്തിന് റിപ്പോർട്ട് കൈമാറിയതായും അധികൃതർ പറഞ്ഞു. വിഡിയോ പുറത്തുവന്ന പശ്ചാത്തലത്തിൽ ഡോക്ടർമാർ സ്ഥലത്തെത്തി ആനകളെ പരിശോധിച്ചു.
ക്ഷേത്രം ശീവേലിക്കുള്ള ആനകളെ കെട്ടുന്ന തെക്കേനടയിലെ ശീവേലിപ്പറമ്പിലാണ് ആനകൾക്ക് മർദ്ദനമേറ്റത്. വടികൊണ്ട് ആനയെ കഠിനമായി മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ശീവേലിപ്പറമ്പിൽ കുളിപ്പിക്കുന്നതിനായി കൊണ്ടുവന്ന കൃഷ്ണ, കേശവൻകുട്ടി, ഗജേന്ദ്ര എന്നീ ആനകളാണ് ദൃശ്യങ്ങളിലുള്ളത്. ഈ ആനകളാണ് മർദ്ദനത്തിന് ഇരയായത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ ആനയാണ് കൃഷ്ണ.