ചണ്ഡിഗഡ്∙ കേന്ദ്രസർക്കാരിനെതിരെ സമരം നയിക്കുമ്പോഴും കർഷക നേതാക്കൾക്കിടയിൽ ഭിന്നത രൂപപ്പെടുന്നതായി റിപ്പോർട്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ഞായറാഴ്ച പഞ്ചാബിൽ പകൽ 12 മുതൽ 4 മണിവരെ സംഘടിപ്പിച്ച ട്രെയിൻ തടയൽ സമരം സംയുക്ത കിസാൻ മോർച്ച (എസ്കെഎം), എസ്കെഎം രാഷ്ട്രീയേതര വിഭാഗം എന്നിവർ ചേരിതിരിഞ്ഞാണ് നടത്തിയത്. വാർത്താ സമ്മേളനത്തിൽ വിവിധ കർഷക നേതാക്കൾ പരസ്പരം പഴി ചാരിയതും ഭിന്നത തുറന്നു കാണിക്കുന്നു .
നിലവിൽ ശംഭു, ഖനൗരി അതിർത്തികളിൽ പ്രക്ഷോഭം നടത്തുന്ന രാഷ്ട്രീയേതര വിഭാഗവുമായി യോജിച്ചു പോകാനാവില്ലെന്ന നിലപാടാണ് എസ്കെഎം നേതാക്കൾ സ്വീകരിച്ചത്. ട്രെയിൻ തടയലിന് പിന്തുണ നൽകിയ അഞ്ച് കർഷക യൂണിയനുകളോട് പ്രതികരിക്കാൻ പോലും എസ്കെഎം രാഷ്ട്രീയേതര വിഭാഗം നേതാവായ ജഗജിത് സിങ് ദല്ലേവാലും കിസാൻ മസ്ദൂർ മോർച്ച നേതാവ് സർവൻ സിങ് പാന്ധേറും തയാറായില്ലെന്ന് ഭാരതി കിസാൻ യൂണിയൻ (എക്താ ഉഗ്രഹാൻ) നേതാക്കൾ വിമർശിച്ചു.
മറ്റുപല യൂണിയനുകൾക്കുമൊപ്പം 10 ജില്ലയിൽ ട്രെയിന്‍ തടഞ്ഞെന്നും എന്നാൽ എസ്കെഎം രാഷ്ട്രീയേതര വിഭാഗത്തിൽനിന്ന് കൃത്യമായ നിർദേശങ്ങളോ പ്രതികരണമോ ലഭിക്കാത്തതിനാൽ ഹരിയാന അതിർത്തിയിൽ സമരം നടത്താനായില്ലെന്നും ഉഗ്രഹാൻ വിഭാഗം ജനറൽ സെക്രട്ടറി സുഖ്ദേവ് സിങ് പറഞ്ഞു.