Spread the love
നിലമ്പൂർ-ഷൊർണൂർ പാതയിൽ ഈ മാസം രണ്ട് സർവിസ് കൂടി പുനഃസ്ഥാപിച്ചേക്കും

അങ്ങാടിപ്പുറം: നിലമ്പൂർ- ഷൊർണൂർ റെയിൽ പാതയിൽ ഈ മാസം അവസാനത്തോടെ രണ്ട് സർവിസ് കൂടി പുനരാരംഭിക്കുമെന്ന് സൂചന. പാലക്കാട് ഡിവിഷൻ ഓഫിസിൽ നിന്ന് സതേൺ റെയിൽവേയിലെ സേവന കൂട്ടായ്മയായ ട്രെയിൻ ടൈം കുട്ടായ്മക്കാണ് ഉറപ്പ് ലഭിച്ചത്. പാതയിൽ പുനഃസ്ഥാപിച്ച മറ്റു സർവിസുകളുടെ കാര്യങ്ങളും റെയിൽവേ അധികൃതർ കൂട്ടായ്മക്ക് മുൻകൂട്ടി വിവരം നൽകിയിരുന്നു.

ഷൊർണൂരിൽ നിന്ന് വൈകുന്നേരം മൂന്നിന് പുറപ്പെട്ട് നിലമ്പൂരിൽ 4.30ന് എത്തുന്ന വിധത്തിലാണ് ഒരു സർവിസ്. നിലമ്പൂരിൽ നിന്ന് 5.30ന് പുറപ്പെട്ട് 7.30ന് ഷൊർണൂരിൽ എത്തുന്ന രീതിയിലാണ് രണ്ടാമത്തെ സർവിസ് ക്രമീകരിച്ചിരിക്കുന്നത്. നിലമ്പൂർ സ്റ്റേഷനിൽ നിന്ന് വൈകുന്നേരം നാലിന് ശേഷം ട്രെയിൻ ഇല്ലാത്തത് യാത്രക്കാരെ ഏറെ വലക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ട്രെയിൻ ടൈം കൂട്ടായ്മ പാലക്കാട് ഡിവിഷൻ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് സർവിസ് ആരംഭിക്കുന്ന കാര്യം അറിയിച്ചത്.

കോവിഡ് കാലത്ത് നിർത്തി വെച്ച ട്രെയിൻ സർവീസ് എല്ലായിടത്തും പുനഃസ്ഥാപിച്ചപ്പോഴും ഷൊർണൂർ- നിലമ്പൂർ റൂട്ടിൽ മുഴുവൻ സർവിസുകളും പുനഃസ്ഥാപിച്ചിട്ടില്ല. 14 സർവിസ് ഉണ്ടായിരുന്നിടത്ത് എട്ടെണ്ണം മാത്രമാണ് ഇപ്പോഴുള്ളത്. കോട്ടയം- നിലമ്പൂർ ട്രെയിൻ പഴയ സ്റ്റോപ്പുകളിലെല്ലാം നിർത്താത്തത് യാത്രക്കാർക്ക് പ്രയാസം സൃഷ്ടികുന്നുണ്ട്.

Leave a Reply