ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ടു യുവാക്കൾ മരിച്ചു. കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത് (43), അണക്കത്തി പറമ്പില്‍ ബിജു (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെ നിഷാന്തിന്റെ ചിക്കൻ സ്റ്റാളിൽ ഇരുന്നു മദ്യം കഴിച്ച ഇവർ, പിന്നാലെ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നിഷാന്ത് ഇന്നലെ രാത്രിയും ഗുരുതരാവസ്ഥയിലായിരുന്ന ബിജു ഇന്ന് പുലർച്ചെയോടെയും മരിച്ചു. ചിക്കൻ സ്റ്റാളിൽ നിന്ന് കുപ്പിയും ഗ്ലാസും പൊലീസിന് ലഭിച്ചു. ഇവർ കഴിച്ച ദ്രാവകത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ട്. വ്യാജ മദ്യമാണോ മറ്റേതെങ്കിലും ദ്രാവകമാണോ മരണത്തിനിടയാക്കിയതെന്ന കാര്യം പരിശോധിച്ചു വരികയാണ്.