Spread the love

കോട്ടയം∙ 1,28,624 വോട്ടുകൾ! ഇന്നലെ പുതുപ്പള്ളിയിൽ രേഖപ്പെടുത്തിയ ഈ വോട്ടുകൾ എട്ടാം തീയതി വരെ കോട്ടയം ബസേലിയസ് കോളജിലെ സ്ട്രോങ് റൂമിൽ ഭദ്രം. കേന്ദ്ര സേനയും പൊലീസും രാഷ്ട്രീയ പ്രവർത്തകരും സ്ട്രോങ് റൂമിന് കണ്ണിലെണ്ണയൊഴിച്ച് കാവലുണ്ട്. യാതൊരു വിധത്തിലുമുള്ള തിരിമറികളും നടക്കാതിരിക്കാനാണ് ഓരോ സംഘത്തിന്റെയും ഉറക്കമൊഴിച്ചുള്ള കാവൽ. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് സ്ട്രോങ് റൂമുകൾ ക്രമീകരിക്കുന്നത്. എങ്ങനെയായിരിക്കണം സ്ട്രോങ് റൂമുകളെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമായി നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

24 മണിക്കൂർ സുരക്ഷ; കേന്ദ്ര സേന

ഇവിഎം (ഇലക്ട്രോണിക് വോട്ടിങ് മെഷിൻ), വിവിപാറ്റ് (വോട്ടർ വെരിഫയബിൾ പേപർ ഓഡിറ്റ് ട്രയൽ) എന്നിവ സൂക്ഷിക്കുന്നതിനുള്ള സീൽ ചെയ്ത മുറികളെയാണ് സ്ട്രോങ് റൂമുകൾ എന്നു പറയുന്നത്. സ്ഥാനാർഥികളുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിധ്യത്തിലായിരിക്കും യന്ത്രങ്ങൾ നിറച്ച മുറികൾ സീൽ ചെയ്യുന്നത്. കേന്ദ്രസേനയുടെ ഉൾപ്പെടെ നിരീക്ഷണത്തിലായിരിക്കും ഇത്തരം മുറികൾ. സിസിടിവിയും സ്ഥാപിച്ചിരിക്കും. സ്ഥാനാർഥികൾ അവരുടെ പ്രതിനിധികളെ സ്ട്രോങ് റൂമിന്റെ സുരക്ഷയ്ക്കായി നിരീക്ഷണം നടത്തുന്നതിനു നിയോഗിക്കാറുണ്ട്.

വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇവിഎം, വിവിപാറ്റ് എന്നിവയുടെ സീരിയൽ നമ്പർ, പോൾ ചെയ്ത വോട്ട് തുടങ്ങിയവ രേഖപ്പെടുത്തിയ ഫോം 17 സി സ്ഥാനാർഥികളുടെ ഏജന്റിനു നൽകും. പോളിങ് പൂർത്തിയാക്കിയശേഷം ഇവിഎം, വിവിപാറ്റ് എന്നിവ പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ സീൽ ചെയ്യും. ഏജന്റുമാരുടെ ഒപ്പും രേഖപ്പെടുത്തും.

Leave a Reply