രണ്ട് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം സ്പീക്കർ ബോക്സിൽ ഒളിപ്പിച്ചു. തമിഴ്നാട്ടിലെ കള്ളാക്കുറിച്ചിയിലാണ് സംഭവം. കുട്ടിയുടെ ഇളയച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനുമായുള്ള സ്വത്ത് തർക്കമാണ് കൊലപാതക കാരണം.
കഴിഞ്ഞ 17 മുതൽ കുട്ടിയെ കാണാതാവുകയായിരുന്നു. ജില്ലയിലെ തിരുപ്പാലപന്തൽ വില്ലേജിലെ മാരിയമ്മൻ കോവിൽ സ്ട്രീറ്റിലാണ് സംഭവം. കൂലിപ്പണിക്കാരനായ ഗുരുമൂർത്തി ഭാര്യ ജഗതീശ്വരി ദമ്പതികളുടെ രണ്ടു വയസുള്ള മകൻ തിരുമൂർത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 17ന് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ പെട്ടെന്ന് കാണാതാവുന്നത്. രാത്രിയോടെ കുടുംബം പൊലീസിൽ പരാതി നൽകി. നാല് ദിവസമായി തിരുപ്പാലപ്പന്തൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടെ ഇന്നലെ ഗുരുമൂർത്തിയുടെ വീട്ടിലെ സ്പീക്കർ ബോക്സുകളിലൊന്നിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങി. സംശയം തോന്നിയ വീട്ടുക്കാർ സ്പീക്കർ ബോക്സ് തുറന്ന് നോക്കിയപ്പോഴാണ് കാണാതായ രണ്ടുവയസ്സുകാരൻ തിരുമൂർത്തിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് കണ്ട് ഞെട്ടിയ കുട്ടിയുടെ ബന്ധുക്കൾ ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് എത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി കല്ലുറിച്ചി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ ഇളയച്ഛനിലേക്ക് പൊലീസിനെ എത്തിച്ചത്. പൊലീസ് ചോദ്യം ചെയ്യലിൽ കള്ളാക്കുറിച്ചി തിരുക്കോവിലൂർ സ്വദേശി രാജേഷ് കുറ്റം സമ്മതിച്ചു. കഴിഞ്ഞ 17ന് കളിച്ചുകൊണ്ടിരുന്ന തിരുമൂർത്തിയെ കഴുത്ത് ഞെരിച്ച് ചുമരിൽ ഇടിച്ച് കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ സ്പീക്കർ ബോക്സിൽ ഒളിപ്പിക്കുകയായിരുന്നെവെന്ന് ഇയാൾ മൊഴി നൽകി.