വാഷിംഗ്ടൺ :കോവിഡ് 19 ന്റെ ശരിയായ ഉറവിടം കണ്ടെത്താനൊരുങ്ങി യുഎസ്.

ഇതിനായി കോവിഡ് 19 ന്റെ ഉത്ഭവം അന്വേഷിക്കാൻ ഉള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ യുഎസ് രഹസ്യാന്വേഷണ ഏജൻസികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രസിഡൻറ് ജോ ബൈഡൻ. ചൈനയിലെ ലാബിൽ നിന്നാണോ, മൃഗങ്ങളിൽ നിന്നാണോ എന്ന വസ്തുത ഉൾപ്പെടെ പരിശോധിക്കണം. അന്വേഷണ റിപ്പോർട്ട് 90 ദിവസത്തിനകം സമർപ്പിക്കണം. രാജ്യാന്തര അന്വേഷണത്തോടു സഹകരിക്കാൻ ചൈനക്കുമേൽ സമ്മർദ്ദം ചെലുത്തി കൊണ്ടിരിക്കുകയാണ് യുഎസ്.
എന്നാൽ യുഎസ് ആവശ്യം തള്ളിയ ചൈന, രാഷ്ട്രീയ മുതലെടുപ്പും, പഴിചാരലുമാണ് അമേരിക്ക നടത്തുന്നതെന്ന് ആരോപിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കു ചരിത്രമുള്ള യുഎസ് ഏജൻസികൾ, ലാബിൽ നിന്ന് ചോർന്നതാണെന്ന തരത്തിലുള്ള തെറ്റായ സിദ്ധാന്തവും പ്രചരിപ്പിക്കുകയാണ് ഇപ്പോഴെന്ന് യുഎസിലെ ചൈനീസ് എംബസി പ്രതികരിച്ചു. എന്നാൽ ഈ സിദ്ധാന്തം അംഗീകരിക്കാൻ ലോകാരോഗ്യ സംഘടനയും തയ്യാറായിട്ടില്ല.വവ്വാലിൽ നിന്നും മനുഷ്യരിലേക്ക് പകർന്നതായിരിക്കാം എന്ന സധ്യതയാണ് അവർ മുന്നോട്ടുവയ്ക്കുന്നത്.
തെരഞ്ഞെടുപ്പിനുശേഷം ബൈഡൻ സ്ഥാനമേറ്റതിനു പിന്നാലെ കോവിഡ് ഉത്ഭവം സംബന്ധിച്ച റിപ്പോർട്ട് വിവിധ ഏജൻസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവരുടെ റിപ്പോർട്ടുകൾ അപൂർണമാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് വിശദമായ അന്വേഷണത്തിനായി യുഎസ് രംഗത്തെത്തിയത്.