അബുദാബി: ജോലിയും സന്ദര്‍ശനവും ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി പുതിയ വിസകള്‍ പ്രഖ്യാപിച്ച് യുഎഇ. സ്‍പോണ്‍സര്‍ ഇല്ലാതെ അനുവദിക്കുന്ന വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിസകളിലും സിംഗിള്‍ അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യം ലഭ്യമാവുകയും വിസ ആദ്യം അനുവദിക്കുന്ന അതേ കാലയളവിലേക്ക് വീണ്ടും പുതുക്കാന്‍ സാധിക്കുകയും ചെയ്യും. രാജ്യത്ത് ലഭ്യമാവുന്ന തൊഴില്‍ അവസരങ്ങളിലേക്ക് മികച്ച പ്രൊഫഷണലുകളെ എത്തിക്കാന്‍ ലക്ഷ്യമിട്ട് അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസ എന്ന പുതിയ സംവിധാനമാണ് പ്രഖ്യാപിച്ചത്. യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ച ഒന്ന്, രണ്ട്, മൂന്ന് തലങ്ങളിലെ ജോലികള്‍ ചെയ്യുന്നവര്‍ക്കും ലോകത്തിലെ മികച്ച 500 സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവര്‍ക്കും ഈ വിസ ലഭിക്കും. സാധാരണ ടൂറിസ്റ്റ് വിസകള്‍ക്ക് പുറമെ അഞ്ച് വര്‍ഷത്തേക്ക് കാലവധിയുള്ളതും പല തവണ രാജ്യത്തിന് പുറത്തുപോയി മടങ്ങി വരാവുന്നതുമായ വിസകള്‍ ഇനി ലഭ്യമാവും.