ദുബായ്: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഈ മാസം 23 മുതൽ പ്രവേശനാനുമതി നൽകി യുഎഇ
യുഎഇ അംഗീകരിച്ച വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വീസക്കാർക്കാണ് ദുബായിലേക്ക് പ്രവേശിക്കാനാവുകയെന്ന് ദേശീയ ദുരന്തനിവാരണ സമിതിയെ ഉദ്ധരിച്ച് ഗവ. മീഡിയ ഓഫീസ് അറിയിച്ചു. വിലക്ക് നീങ്ങുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ ആരംഭിക്കുന്ന കാര്യത്തിലും ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. യാത്രാവിലക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഭാഗികമായി നീക്കിയതോടെ പ്രവാസികൾക്ക് ആശ്വാസമായിരിക്കുകയാണ്. ഇന്ത്യയെ കൂടാതെ നൈജീരിയ,ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്കും നീട്ടിയിട്ടുണ്ട്.
യുഎഇ ഏർപ്പെടുത്തിയ മറ്റു നിബന്ധനകൾ.
• യുഎഇ അംഗീകരിച്ച കോവിഡ് വാക്സീന്റെ 2 ഡോസുകളും സ്വീകരിച്ചിരിക്കണം.നിലവിൽ, സിനോഫോം,ഫൈസർ ബയോഎൻടെക്, സ്പുട്നിക്, ആസ്ട്രാസെനിക് എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്സിനുകൾ. കൂടാതെ,യാത്രയുടെ 48മണിക്കൂറിനകത്തെ പിസിആർ നെഗറ്റീവ് ഫലവും ഹാജരാക്കണം.
• പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണം.
• ദുബായിൽ എത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം.
• പിസിആർ പരിശോധന ഫലം വരുന്നതുവരെ യാത്രക്കാർ താമസ സ്ഥലത്ത് ക്വാറന്റീനിൽ കഴിയണം. 24 മണിക്കൂറിനകം ഫലം ലഭിക്കുന്നതാണ്.