യാത്രാ വിലക്ക് തുടരാൻ യുഎഇ.
ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് യു.എ.ഇ. എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ നിലവിലെ സ്ഥിതി തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.ജൂലൈ 25 വരെ സർവീസില്ലെന്ന് എമിറേറ്റ്സും 31 വരെ സർവീസില്ലെന്ന് ഇത്തിഹാദും അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് യു.എ.ഇ സിവിൽ ഏവിയേഷൻെറ പ്രഖ്യാപനം . ഇതോടെ, പെരുന്നാൾ കഴിഞ്ഞ് മടങ്ങിയെത്താമെന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേറ്റിരിക്കുകയാണ്. എന്നാൽ,നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വീസ, ഇൻവസ്റ്റർ വീസ എന്നിവയുള്ളവർക്ക് യു.എ.ഇയിൽ വരുന്നതിന് തടസമില്ല.
ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്ക്. ഈ രാജ്യങ്ങളിലെ യാത്രക്കാരുടെ വിലക്ക് അനിശ്ചിത കാലത്തേക്കായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വീണ്ടും ഉറപ്പിക്കുന്നതാണ് പുതിയ സർക്കുലർ.
ഈ രാജ്യങ്ങളിലെ കോവിഡിൻെറ സാഹചര്യം യു.എ.ഇ സർക്കാർ നിരീക്ഷിക്കുകയാണെന്നും അതിനനുസരിച്ചായിരിക്കും തുടർതീരുമാനമെന്നും സർക്കുലറിൽ പറയുന്നു. ഖത്തർ ഓൺ അറൈവൽ വിസ അനുവദിച്ചതോടെ പ്രവാസികൾക്ക് നേരിയ ആശ്വാസമായിരിക്കുകയാണ്.നിലവിൽ ഉസ്ബെകിസ്താൻ, അർമേനിയ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് യു.എ.ഇയിലേക്ക് ഇന്ത്യക്കാർ എത്തുന്നത്. എന്നാൽ,കൂടിയ ചെലവും അനിശ്ചിതാവസ്ഥയും മൂലം ഇവ തെരഞ്ഞെടുക്കാൻ മടിക്കുന്ന സാഹചര്യത്തിലാണ് പലരും.