Spread the love
ചരിത്രത്തിലെ വലിയ നിയമ പരിഷ്‌കരണവുമായി യുഎഇ

ചരിത്രത്തിലെ ഏറ്റവും വലിയ നിയമ നിർമാണ പരിഷ്‌കാരങ്ങൾ നടത്തി യുഎഇ. യുഎഇയുടെ അമ്പതു വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ നിർമാണ പരിഷ്‌കാരങ്ങൾക്ക് പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽനഹ്‌യാൻ അംഗീകാരം നൽകി. ക്രൈം ആൻ്റ് പണിഷ്‌മെൻ്റ് നിയമം, ഓൺലൈൻ സുരക്ഷാ നിയമം, മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും ഉൽപാദനം, വിൽപന, ഉപയോഗം എന്നിവ നിയന്ത്രിക്കുന്ന നിയമങ്ങൾ ഉൾപ്പെടെ സമൂഹവുമായും വ്യക്തിഗത സുരക്ഷയുമായും ബന്ധപ്പെട്ട നിയമങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്. പുതിയ കരട് നിയമമനുസരിച്ച് സ്ത്രീകൾക്കും വീട്ടുജോലിക്കാർക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. പൊതുസ്ഥലത്തോ ലൈസൻസില്ലാത്ത സ്ഥലങ്ങളിലോ മദ്യം കഴിക്കുന്നതും, 21 വയസ്സിനു താഴെയുള്ളവർക്കു മദ്യം വിൽക്കുന്നതും പ്രേരിപ്പിക്കുന്നതും കടുത്ത കുറ്റവുമാണ്.

ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്നു. ഇര 18 വയസ്സിനു താഴെയോ വികലാംഗയോ എതിർക്കാൻ കഴിയാത്തയാളോ ആണെങ്കിൽ 10–25 വർഷം വരെ തടവോ വധശിക്ഷ വരെയോ ലഭിക്കാമെന്നും ലിംഗഭേദമില്ലാത്ത ലൈംഗിക കുറ്റകൃത്യത്തിനു തടവോ 10,000 ദിർഹത്തിൽ കുറയാത്ത പിഴയോ ശിക്ഷ നൽകണമെന്നും മറ്റൊരു വ്യവസ്ഥ. ബലംപ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ പീഡിപ്പിച്ചാൽ 5–20 വർഷം വരെ തടവ് ലഭിക്കാനും ജോലിസ്ഥലത്തോ വിദ്യാലയത്തിലോ പാർപ്പിടത്തിലോ ആശുപത്രികളിലോ വച്ച് പീഡനം നടന്നാൽ കഠിന ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ ഉപദ്രവം, ഭീഷണിപ്പെടുത്തൽ, വ്യാജ വാർത്തകൾ എന്നിവയെ ചെറുക്കുന്നതിനും ജനങ്ങളെ സംരക്ഷിക്കുന്നതിനും നിയമം ശക്തമാക്കി.

Leave a Reply