Spread the love
യുഎഇയുടെ പുതിയ തൊഴിൽനിയമം: ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആറ് അവധി

ദുബായ്: അടുത്ത വർഷം ഫെബ്രുവരി മുതൽ ശമ്പളത്തോടെയുള്ള ആറ് അവധി ദിവസങ്ങൾ തെരഞ്ഞെടുക്കാനുള്ള അനുമതി തൊഴിലാളികൾക്ക് ലഭിക്കും . കഴിഞ്ഞ ദിവസം പരിഷ്കരിച്ച യു.എ.ഇ.യുടെ പുതിയ തൊഴിൽനിയമ പ്രകാരമാണ് തൊഴിലാളികൾക്ക് ഈ അനുമതി ലഭിക്കുക . 2022 ഫെബ്രുവരിയിൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിക്കു പുറമെ, ഏറ്റവുമടുത്ത ബന്ധുക്കൾ മരിച്ചാൽ മൂന്നുമുതൽ അഞ്ചുദിവസം വരെ അവധി നൽകണമെന്ന് പുതിയ തൊഴിൽ നിയമത്തിലുണ്ട് .
സ്വകാര്യമേഖലയിലെ പ്രസവാവധി 60 ദിവസമാക്കി. ഇവർക്ക് 45 ദിവസം മുഴുവൻ വേതനവും 15 ദിവസം പകുതി വേതനവും നൽകണം. കൂടാതെ കുട്ടി ജനിച്ച ദിവസം മുതൽ ആറുമാസം വരെ അഞ്ച് പ്രവൃത്തി ദിവസങ്ങളിലായി രക്ഷാകർതൃ അവധിക്കും അർഹതയുണ്ട്. നവജാതശിശുവിന് പ്രസവാനന്തരമുള്ള എന്തെങ്കിലും സങ്കീർണതകളോ അസുഖമോ ഉണ്ടായാൽ പ്രാരംഭ പ്രസവാവധി പൂർത്തിയാകുമ്പോൾ ശമ്പളമില്ലാതെ 45 ദിവസത്തെ അധിക അവധിക്കും അപേക്ഷിക്കാവുന്നതാണ്. ഇതിനായി അസുഖവുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ സമർപ്പിക്കണം. പ്രത്യേക ആവശ്യങ്ങളുള്ള ശിശുക്കളുടെ അമ്മമാർക്ക് പ്രസവാവധി കഴിഞ്ഞാലും 30 ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്കും അർഹതയുണ്ട്.

കോവിഡനന്തര അതിജീവനത്തിന്റെ ഭാഗമായാണ് തൊഴിൽമേഖലയിൽ യു.എ.ഇ. വിവിധ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന വിവിധ നിയമ നടപടികൾ കഴിഞ്ഞ ദിവസങ്ങളിൽ അധികൃതർ പുറത്തുവിട്ടിരുന്നു. പുതിയ തൊഴിൽ നിയമം നടപ്പാക്കുന്നതിലൂടെ മേലുദ്യോഗസ്ഥരോ സഹപ്രവർത്തകരോ നടത്തുന്ന ഭീഷണിപ്പെടുത്തൽ, ലൈംഗികപീഡനം, രേഖകൾ അനധികൃതമായി കൈവശപ്പെടുത്തൽ എന്നിവയിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം ലഭിക്കും.

Leave a Reply