ജാതിപ്പേരും തൊഴില്‍പ്പേരും പറഞ്ഞ് ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ ഇനി ആരും എഴുതില്ലെന്നു തിരക്കഥാകൃത്ത് ഉദയകൃഷണ. മലയാള സിനിമയില്‍ സ്ത്രീവിരുദ്ധതക്കും ജനാധിപത്യവിരുദ്ധതക്കും സ്ഥാനമില്ലെന്നും ഉദയകൃഷ്ണ പറഞ്ഞു. മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം ‘ആറാട്ടി’ന്റെ പശ്ചാത്തലത്തില്‍ മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉദയകൃഷ്ണ ഇക്കാര്യങ്ങൾ പറഞ്ഞത്.
ആറാട്ട് മാസ് മസാല പടമായിരിക്കുമെങ്കിലും സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ലെന്നും ഉദയകൃഷ്ണ പറഞ്ഞു.
“ആറാട്ട് ഒരു മാസ് മസാല പടം തന്നെയായിരിക്കും. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന പടം. എന്നാല്‍, അതില്‍ സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ല. എല്ലാവര്‍ക്കും കുടുംബത്തോടെ വന്നുകാണാവുന്ന എന്റര്‍ടെയ്‌നര്‍ എന്നു പറയാം.”
പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആറാട്ട്. ബി.ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകൻ. ബി ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയകൃഷ്ണ തിരക്കഥ എഴുതുന്നത്. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. പുലി മുരുകന് ശേഷം ഉദയ്കൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം എന്ന പ്രത്യേകത കൂടി ആറാട്ടിനുണ്ട്.
ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ജനതയോടാണ് സിനിമ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. അതു മറന്നുകൊണ്ട് ഒരു എഴുത്തുകാരനും മുന്നോട്ടുപോകാനാകില്ലെന്നും ഉദയകൃഷ്ണ കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധതയ്ക്കും അത്തരം ഡയലോഗുകൾക്കും ഇന്ന മലയാള സിനിമയിൽ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.