ന്യൂഡൽഹി ∙ സനാതന ധർമത്തെ പരിഹസിക്കുന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനും ഗണപതി മിത്തെന്ന് പറയുന്ന കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിനും ശബരിമലയിൽ ആചാര ലംഘനത്തിന് മുൻകയ്യെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും ഒരേ സ്വരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി നേതാക്കൾ ഭാരതീയ സംസ്കാരത്തെയും പാരമ്പര്യത്തെയും ഇകഴ്ത്തിക്കാട്ടുകയാണ്.കേരളത്തിലെ ഭരണ- പ്രതിപക്ഷ നേതാക്കൾക്കു ജൂനിയർ സ്റ്റാലിന്റെ നിലപാട് തന്നെയാണോ എന്ന് വ്യക്തമാക്കണം. നാനാത്വത്തിൽ ഏകത്വം എന്നതിനോട് ചേർന്ന് നിൽക്കുന്നതാണ് സനാതന ധർമം. അത് ഉൾക്കൊണ്ട് ഭാരതം ഭരിച്ചവരുടെ വിശാല മനസ്സുകൊണ്ടാണ് പലർക്കും ഇവിടെ എത്താനും അവരുടെ മതം പ്രചരിപ്പിക്കാനും സാധിച്ചത്. അധികാരവും അഴിമതിയും കുടുംബവാഴ്ചയുമായി നടക്കുന്നവർക്ക് വികലമായ ധാരണകളുണ്ടാകും.‘ഒരു പീഡയെറുമ്പിനും വരുത്തരുത്’ എന്ന് ഗുരുദേവൻ പറഞ്ഞത് സനാതന ധർമത്തിൽ അധിഷ്ഠിതമായാണ്. അതെല്ലാം മറന്ന് ഭാരതത്തിന്റെ സംസ്കാരത്തെ താഴ്ത്തിക്കെട്ടുക മാത്രമാണോ ‘ഇന്ത്യ’ നേതാക്കളുടെ അടിസ്ഥാന പ്രമാണം എന്നത് അവർ പറയട്ടെ എന്നും മുരളീധരൻ പറഞ്ഞു. സനാതന ധർമം സാമൂഹികനീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി, കോവിഡ് തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമാണു മന്ത്രിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.