
ലണ്ടൻ: വാക്സിനേഷൻ രണ്ട് ഡോസും എടുത്ത ആളുകള്‍ക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് യുകെ. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സമ്മര്‍ദ്ദം ഉണ്ടായതോടെയാണ് യുകെ ക്വാറന്റൈൻ നിയമത്തിൽ മാറ്റം വരുത്തിയത്. ഒക്ടോബര്‍ 11നാണ് പുതിയ നിയമം ഫലത്തിൽ വരുന്നത്. കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസ് അല്ലെങ്കിൽ യുകെ അംഗീകരിച്ച മറ്റേതെങ്കിലും വാക്സിൻ ഉപയോഗിച്ച് വാക്സിനേഷൻ ലഭിച്ചവർക്ക് മാത്രമേ ക്വാറന്റൈൻ ഇളവ് ബാധകമാകൂ.
വാക്സിന്‍ എടുത്തതിന് ശേഷവും ഇന്ത്യയിൽ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്റൈൻ ഏര്‍പ്പെടുത്തിയ ബ്രിട്ടന്റെ നടപടിക്ക്; ഇന്ത്യയിൽ എത്തുന്ന ബ്രിട്ടീഷുകാർക്കും ക്വാറന്റൈൻ നിർബന്ധമാക്കി ഇന്ത്യ മറുപടി കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയിൽ ബ്രിട്ടൻ മാറ്റം വരുത്തിയത്.
ഒക്ടോബര്‍ 11ന് മുൻപ് യുകെയിൽ എത്തുന്നവര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത ആളുകളുടെ നിയമങ്ങള്‍ പാലിക്കണമെന്നും, 11 -ാം തീയതിക്ക് ശേഷം എത്തുന്നവർക്ക് വാക്സിനേഷൻ നില തെളിയിക്കുന്നതിനും ക്വാറന്റൈൻ ആവശ്യകതകൾ ഒഴിവാക്കുന്നതിനും അവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കേണ്ടതാണെന്നും പറയുന്നു.