യുക്രൈന്‍- റഷ്യ സംഘര്‍ഷം യുക്രൈന്റെ പല വലിയ നഗരങ്ങളെയും കനത്ത നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചത്. സംഘര്‍ഷത്തിൽ മരിയുപോളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. യുദ്ധത്തിൽ തകർന്ന മരിയുപോളിനെ പുനരധിവസിപ്പിക്കാൻ തയാറായി മുന്നോട്ട് വന്നിരിക്കുകയാണ് യുക്രൈനിലെ ഏറ്റവും വലിയ ധനികനെന്ന് വിശേഷിപ്പിക്കുന്ന റിനാറ്റ് അഖ്മെറ്റോവ്. മാത്രമല്ല രാജ്യത്തിന്റെ മൊത്തത്തിലുള്ള പുനർനിർമ്മാണത്തിന് തന്നെകൊണ്ട് കഴിയുന്ന വിധത്തിൽ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രൈനിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ കമ്പനിയായ മെറ്റിൻവെസ്റ്റിന്റെ ഉടമയാണ് റിനാറ്റ് അഖ്മെറ്റോവ്. രിയുപോളിൽ രണ്ട് മെറ്റൽ ഫാക്ടറികൾ അദ്ദേഹത്തിന് സ്വന്തമായുണ്ട്. യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ ക്രിമിയയിലും, ഡോൺബാസിന്റെ താൽക്കാലിക അധിനിവേശ പ്രദേശത്തും ഉണ്ടായിരുന്ന തന്റെ സകല സ്വത്തുക്കളും നഷ്ടപ്പെട്ടതായി റിനാറ്റ് പറഞ്ഞു.