രോഗിയായ അമ്മയ്ക്ക് മരുന്ന് വാങ്ങാനായി യുക്രെയ്‌ന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് സഞ്ചരിക്കവേ റഷ്യൻ സൈന്യത്തിന്റെ വെടിയേറ്റ് യുക്രെയ്ൻ വനിതയ്ക്ക് ദാരുണാന്ത്യം. യുദ്ധബാധിത യുക്രെയ്നിലെ ജനങ്ങളെ സേവിക്കാനായി രാജ്യത്ത് തന്നെ തുടരാൻ തീരുമാനമെടുത്ത വലേരിയ മക്സെറ്റ്സ്‌ക (31) എന്ന സാമൂഹ്യപ്രവർത്തക ആണ് വെടിയേറ്റ് മരിച്ചത്. വലേരിയയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന അമ്മ ഇറിനയും ഡ്രൈവറും ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്‌മെന്റ് (US AID) എന്ന രാജ്യാന്തര ഏജൻസിയുമായി കൈകോർത്ത് കീമോണിക്സ് എന്ന സംഘടനയ്ക്ക് വേണ്ടി യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കിടയിൽ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു വലേരിയ. സ്വതന്ത്ര റിപ്പബ്ലിക്ക്’ ആയി റഷ്യ പ്രഖ്യാപിച്ച യുക്രെയ്‌നിലെ ഡൊനെറ്റ്‌സ്കിൽ ജനിച്ചു വളർന്ന വലേരിയ അടുത്തകാലത്താണ് കീവിലേക്ക് താമസം മാറ്റിയത്.