Spread the love
കൂളിമാട് പാലത്തിൻ്റെ തകർച്ചയിൽ യുഎൽസിസിക്ക് താക്കീത്,രണ്ടുപേർക്കു സസ്പെൻഷൻ

കൂളിമാട് പാലം തകർന്ന സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു. പാലം തകർച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നൽകിയിരുന്നു. പാലത്തിൻ്റെ നിർമാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കര്‍ശന താക്കീത് നൽകാനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പാലം നിർമ്മാണം നടക്കുന്ന സൈറ്റിൽ നിരീക്ഷണവും പരിശോധനയും നടത്തേണ്ട ചുമതല അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ആയിരുന്നു. എന്നാൽ അപകടസമയത്ത് ഈ ഉദ്യോഗസ്ഥൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നു. ഇദ്ദേഹത്തിന് പകരം ആരെയാണ് നിർമ്മാണം നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയത് എന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണം നൽകാൻ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് സാധിച്ചില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പാലം നിർമ്മാണം പുനരാരംഭിക്കണമെന്ന് മന്ത്രി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു മുന്നോടിയായി പാലത്തിൽ സുരക്ഷ ഉറപ്പാക്കാണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരായ നടപടി വകുപ്പ് സെക്രട്ടറി സ്വീകരിക്കും.

Leave a Reply