Spread the love
ടിഗ്രേയിൽ കൂടുതൽ ആളുകളെ കനത്ത പട്ടിണി ബാധിച്ചതായി യുഎൻ റിപ്പോർട്ട്

ടിഗ്രേയിൽ കൂടുതൽ ആളുകളെ കനത്ത പട്ടിണി ബാധിച്ചതായി യുഎൻ റിപ്പോർട്ട്. എത്യോപ്യയിലെ യുദ്ധത്തിൽ തകർന്നിരിക്കുകയാണ് ടിഗ്രേ. മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയിലെ ചില നഴ്‌സുമാര്‍ക്കും ഡോക്ടർമാര്‍ക്കും കഴിക്കാൻ ഭക്ഷണത്തിനായി യാചിക്കേണ്ടിവരികയാണ് എന്ന് ഡോക്ടര്‍മാരില്‍ ഒരാള്‍ ബിബിസിയോട് പറഞ്ഞു. എട്ട് മാസങ്ങളായി ശമ്പളം കിട്ടിയിട്ടില്ല. കഴിഞ്ഞ ഏഴ് മാസമായി നഴ്‌സുമാരും ഡോക്ടർമാരും ഭക്ഷണ പൊതികൾക്കായി ക്യൂ നിൽക്കുന്നത് സാധാരണമായിരിക്കുന്നു. ജീവിക്കാനും കുടുംബത്തെ നോക്കാനും അവര്‍ക്ക് മറ്റ് പല വഴികളും തേടേണ്ടി വരികയാണ്. ഇവിടെ ഭക്ഷണമില്ലാതെ 2.2 മില്ല്യണ്‍ ആളുകള്‍ കഷ്ടപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്.

എത്യോപ്യൻ ഫെഡറൽ ഗവൺമെന്റ് സേന 2020 നവംബർ മുതൽ വടക്കൻ ടിഗ്രേ മേഖലയിൽ നിന്നുള്ള വിമതരുമായി പോരാടുകയാണ്. ആയിരക്കണക്കിന് ആളുകള്‍ ഇതോടകം കൊല്ലപ്പെട്ടിട്ടു. ബാങ്കുകളടക്കം അടച്ചുപൂട്ടിയിരിക്കയാണ്. വളരെക്കാലമായി ടിഗ്രേയുടെ ഭൂരിഭാഗവും പുറംലോകത്ത് നിന്നും വിച്ഛേദിക്കപ്പെട്ടു കിടക്കുകയാണ്. യുദ്ധം തുടങ്ങിയ കാലം മുതല്‍ ഇവിടെ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍, ഇവിടെ നിന്നും കൂടുതല്‍ വിവരങ്ങളൊന്നും അറിയുവാനും സാധിക്കുന്നില്ല. പ്രദേശത്തെ പ്രാദേശിക ശക്തികൾക്കെതിരെ സൈനിക ആക്രമണത്തിന് പ്രധാനമന്ത്രി അബി അഹമ്മദ് ഉത്തരവിട്ടതിനെത്തുടർന്ന് ആണ് 2020 -ൽ ടിഗ്രേ സംഘർഷം ആരംഭിച്ചത്.

Leave a Reply