രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിൽ വിവാഹം കഴിഞ്ഞ് കേവലം ഏഴ് ദിവസം മാത്രമായ ലഫ്‌റ്റനന്റും കൊല്ലപ്പെട്ട വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.കൊച്ചിയിൽ ജോലി നോക്കിയിരുന്ന 26കാരനായ ലഫ്‌റ്റനന്റ് വിനയ് നർവാളാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഭാര്യ നോക്കി നിൽക്കെയാണ് ദുരന്തമുണ്ടായത്. എന്നാൽ ഇപ്പോൾ ഈ സമയത്തെ വിനയ്‌യുടെ വീട്ടിലെ സംഭവവികാസം എല്ലാവരെയും വല്ലാതെ വിഷമിപ്പിക്കുന്നതാണ്. ഏപ്രിൽ 16നാണ് വിനയ്‌യും ഹിമാൻഷിയും വിവാഹിതരായത്. വിവാഹ സന്തോഷത്തിന്റെ ഭാഗമായി വിനയ്‌യുടെ മാതാവ് ആശാ നർവാൾ അടുത്തുള്ള വീടുകളിൽ മധുരം നൽകാൻ പോയതായിരുന്നു. ഈ സമയമാണ് ദുരന്തവാർത്ത എത്തിയത്.
വിനയ്‌യുടെ വിവാഹം കഴിഞ്ഞ് കുടുംബത്തിൽ എല്ലാവരും വളരെ സന്തോഷത്തോടെയിരിക്കുകയായിരുന്നു. അയൽവാസിയായ നരേഷ് ബൻസാൽ വിഷമത്തോടെ പറയുന്നു. ഏപ്രിൽ 21നാണ് വിനയ്‌യും ഭാര്യയും ഗവേഷണ വിദ്യാർത്ഥിനിയുമായ ഹിമാൻഷിയും കാശ്‌മീരിലേക്ക് പോയത്. ആദ്യം മധുവിധു സ്വിറ്റ്‌സർലാന്റിൽ ആഘോഷിക്കാനാണ് തീരുമാനിച്ചത്. എന്നാൽ വിസ പ്രശ്‌നം കാരണം കാശ്‌മീരിലേക്ക് മാറ്റി. ഇതിനിടെയാണ് ചൊവ്വാഴ്‌ച ഉച്ചയോടെ കുടുംബത്തെ തേടി ദുരന്ത വാർത്തയെത്തിയത്.
വിനയ്‌യും ഭാര്യ ഹിമാൻഷിയും ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോഴാണ് പട്ടാളവേഷത്തിലെത്തിയ ഭീകരർ വെടിയുതിർത്തത്. തന്റെ ഭർത്താവിനെ രക്ഷിക്കണം എന്നാവശ്യപ്പെടുന്ന ഹിമാൻഷിയുടെ വീഡിയോ ഇതിനകം ലോകമാകെ ശ്രദ്ധ നേടിക്കഴിഞ്ഞു.