സിൽവർ ലൈനിൽ സാമൂഹികാഘാത പഠനത്തിനായി സർക്കാർ നിശ്ചയിച്ച് നൽകിയ കാലാവധി ഒമ്പത് ജില്ലകളിൽ തീർന്നു. പഠനം തുടരണോ വേണ്ടയോ എന്നതിൽ സർക്കാർ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടുമില്ല . കല്ലിടലിനു പകരം ഉള്ള ജിയോ മാപ്പിങ്ങും എങ്ങുമെത്തിയില്ല. എന്നാൽ കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പദ്ധതിക്കെതിരായ കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചു. സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സർവ്വേക്ക് കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിനു മാത്രമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സിൽവർ ലൈൻ പദ്ധതിക്കായി സാമൂഹികാഘാതപഠനവും സർവ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയിൽവേക്ക് വേണ്ടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.