പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളികളുടെ വിഷു ആഘോഷം ബസുക്ക എടുത്തുവെന്നും ചിത്രത്തിന്റെ അവസാന 30 മിനിറ്റ് ഒരു രക്ഷയും ഇല്ലെന്നുമുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയവെ അപ്രതീക്ഷിതമായി ചിത്രത്തിന് ട്രോളുകൾ വന്നു നിറഞ്ഞിരുന്നു.
ചിത്രത്തിലെ ഒരു കാമിയോ റോള്‍ കാരണമാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് വന്നു തുടങ്ങിയത്. ആറാട്ടണ്ണന്‍ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വര്‍ക്കി ആണ്ചിത്രത്തിന്റെ ഒരു പീക്ക് മുമെന്റിൽ കാമിയ റോളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ താൻ എത്തിപ്പെട്ടതിനെ കുറിച്ചും പിൻവാങ്ങാൻ പല തവണ ശ്രമം നടത്തി എന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആറാട്ട് അണ്ണൻ.
‘‘ബാഡ് ബോയ്സിനു ശേഷം ഞാൻ അഭിനയിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. എന്നെ മാറ്റി അവസാനം പെരേരയെ കൊണ്ടുവരുമോ എന്ന് സംശയമുണ്ടായിരുന്നു. ഈ സീൻ ഉണ്ടാകില്ലെന്നാണ് വിചാരിച്ചത്. കാരണം ഇടയ്ക്ക് വച്ച് പിൻവാങ്ങിയിരുന്നു. ഞാൻ ചെയ്തതും മണ്ടത്തരമാണ്. എനിക്ക് ഡ്രസ് മാറാൻ സ്ഥലം കിട്ടാത്തതുകൊണ്ട് പിൻവാങ്ങിപ്പോയതാണ്.പക്ഷേ വലിയ സന്തോഷമുണ്ട്, നല്ല ഒരു സിനിമയില്‍ അഭിനയിക്കാന്‍ പറ്റി, ഞാന്‍ പൈസ വാങ്ങിയിട്ടില്ലാ, എന്‍റെ സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ലാ, ഗൗതം വാസുദേവ് മേനോനൊപ്പവും സിദ്ധാർഥ് ഭരതനുമൊപ്പമാണ് അഭിനയിക്കാന്‍ പറ്റിയത്. തിയറ്ററിൽ എന്റെ മുഖം കണ്ട് എനിക്ക് തന്നെ ചിരി വന്നു. എന്തുകൊണ്ടാണ് ആളുകൾ ചിരിക്കുന്നതെന്ന് മനസ്സിലായി. സന്തോഷ് വർക്കി പറയുന്നു.