Spread the love

ഉമ്മൻചാണ്ടി എന്ന തന്ത്രശാലിയായ നേതാവില്ലാതെ കോൺഗ്രസ് രാഷ്ട്രീയം ഒരു വർഷം പിന്നിടുന്നു. പ്രതിസന്ധികൾ തരണം ചെയ്യാൻ കെ കരുണാകരൻ കഴിഞ്ഞാൽ ഉമ്മൻചാണ്ടി അല്ലാതെ മറ്റൊരു നേതാവ് കോൺഗ്രസിൽ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങൾ ആശങ്കയില്ലാതെ മറികടക്കാൻ ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്ന കഴിവായിരുന്നു കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് രാഷ്ട്രീയത്തലും ഉമ്മൻ ചാണ്ടിയെ പ്രബലനാക്കിയത്. കെ കരുണാകരന് ശേഷം കോൺഗ്രസിന്റെ അമരക്കാരനായിരുന്നു ഉമ്മൻ ചാണ്ടി. ജനങ്ങളായിരുന്നു ഉമ്മൻചാണ്ടി എന്ന കുഞ്ഞുഞ്ഞിന്റെ ശക്തി. അര നൂറ്റാണ്ടുകാലം നിയമസഭയിൽ പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും സഭയിൽ കോൺഗ്രസിന്റെ നാവായി മാറി.

പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട ‘കുഞ്ഞൂഞ്ഞ്’

കാരോട്ട് വള്ളക്കാലില്‍ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് 1943 ഒക്ടോബര്‍ 31നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി രാഷ്ടീയ ജീവിതം തുടങ്ങിയ ഉമ്മന്‍ ചാണ്ടി കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായിരുന്നു. യുവജന നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന ഉമ്മന്‍ ചാണ്ടി 1970കളുടെ തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവായി മാറി. പിന്നീടുള്ള അര നൂറ്റാണ്ട് കാലം കോണ്‍ഗ്രസിന്റെ ഏറ്റവും ജനകീയതയുള്ള നേതാക്കളിലൊരാളായി ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നു.

പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഇരുപത്തിയേഴാമത്തെ വയസ്സില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി 12 തവണ പുതുപ്പള്ളിയില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 2020ലാണ് പുതുപ്പള്ളിയില്‍ നിന്നുള്ള നിയമസഭാ സാമാജികത്വത്തിന്റെ 50 വര്‍ഷം ഉമ്മന്‍ ചാണ്ടി പൂര്‍ത്തീകരിച്ചത്. 1977ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രായം 34 വയസ് മാത്രമായിരുന്നു. 1978ല്‍ എകെ ആന്റണി മന്ത്രിസഭയിലും തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. കെ കരുണാകരന്റെ മന്ത്രിസഭകളില്‍ ആഭ്യന്തരമന്ത്രിയായും ധനകാര്യമന്ത്രിയായും ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തിച്ചു. രണ്ട് തവണയായി ഏഴു വര്‍ഷം കേരള മുഖ്യമന്ത്രിയായും ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, പ്രതിപക്ഷ നേതാവ്, ഐക്യജനാധിപത്യ മുന്നണി കണ്‍വീനര്‍ എന്നീ ചുമതല ഉമ്മന്‍ ചാണ്ടി വഹിച്ചു.

പുതുപ്പള്ളിക്കാര്‍ക്ക് കുഞ്ഞൂഞ്ഞായിരുന്നു ഉമ്മന്‍ ചാണ്ടി. അഞ്ച് പതിറ്റാണ്ടുകാലം കുഞ്ഞൂഞ്ഞിനെ മാത്രം തിരഞ്ഞെടുത്ത് നിയമസഭയിലേക്കയച്ച് പുതുപ്പള്ളിക്കാര്‍ അവരുടെ വാല്‍സല്യം കാണിച്ചു. തിരുവനന്തപുരത്ത് ജഗതിയിലുള്ള തന്റെ വീടിന്റെ പേര് ‘പുതുപ്പള്ളി ഹൗസ്’ എന്നിട്ടു കൊണ്ട് ഉമ്മന്‍ ചാണ്ടി തന്റെ മണ്ണിനെ അകലത്തിരുന്നും സ്‌നേഹിച്ചു. ലോകത്ത് എവിടെയാണെങ്കിലും ഞായറാഴ്ച ദിവസം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെത്തും. മണ്ഡലത്തിലെത്തിയാല്‍ ആദ്യം പള്ളിയില്‍ പോയി പ്രാര്‍ത്ഥന. പിന്നെ പതിവു പോലെ മണ്ഡലത്തിലെ എല്ലാവരേയും കഴിയുന്നത്ര കാണാനുള്ള തിരക്ക്. പിന്നെ തിരുവനന്തപുരത്തേക്കോ കാസര്‍കോട്ടേക്കോ ചിലപ്പോള്‍ ദില്ലിയിലേക്കോ ഉള്ള ഓട്ടപ്പാച്ചില്‍. സാവധാനത്തില്‍ നടക്കുന്ന ശീലം പോലും ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നില്ല. അതിവേഗം ബഹുദൂരം എന്നത് ജീവിതത്തില്‍ പാലിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി.

എ ഗ്രൂപ്പിൻ്റെ കരുത്തനായ പോരാളി, ഒടുവിൽ കോൺഗ്രസിൻ്റെ തേരാളി
കോണ്‍ഗ്രസില്‍ കരുണാകരന്റെ അധികാര ശക്തിയെ വെല്ലുവിളിച്ച് വളര്‍ന്നു വന്ന പുതു തലമുറ നേതാക്കളില്‍ ഒരര്‍ത്ഥത്തില്‍ ഏറ്റവും പ്രമുഖനായ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടി എകെ ആന്റണിയുടെ അനുയായി ആയിരുന്നു. കരുണാകരന്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസിലെ ‘ഐ’ ഗ്രൂപ്പിനെതിരെ രൂപപ്പെട്ട ആന്റണി ഗ്രൂപ്പെന്ന ‘എ’ ഗ്രൂപ്പിലെ യഥാര്‍ത്ഥ ചാണക്യന്‍ ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു. ഉമ്മന്‍ ചാണ്ടിയെ പോലെ ഒരാള്‍ ആന്റണിക്ക് പിന്നിലുണ്ടായിരുന്നു എന്നതാണ് ആന്റണിയുടെ വിജയ കാരണമെങ്കില്‍ അങ്ങനെയൊരാള്‍ ഒപ്പമില്ലായിരുന്നു എന്നതാണ് കരുണാകരന്റെ ദൗര്‍ബല്യമായത്. അത് നന്നായി ബോധ്യമുള്ളയാളായിരുന്നു കരുണാകരന്‍. ആ ബഹുമാനം എതിരാളിയായിരിക്കുമ്പോഴും ഉമ്മന്‍ ചാണ്ടിയോട് കെ കരുണാകരന് ഉണ്ടായിരുന്നു.

എ ഗ്രൂപ്പിന്റെ നേതാവ് ആന്റണിയായിരുന്നെങ്കിലും ആ ഗ്രൂപ്പിന്റെ ഊര്‍ജവും നിലനില്‍പ്പും അതിജീവനവും എക്കാലത്തും ഉമ്മന്‍ ചാണ്ടി എന്ന അച്ചുതണ്ടിന് ചുറ്റുമായിരുന്നു. ഒരര്‍ത്ഥത്തില്‍ ആന്റണി ആ ഗ്രൂപ്പിന്റെ മുഖം മാത്രമായിരുന്നു. അതത് കാലത്ത് ആവശ്യമായ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ചിത്രം സംവിധാനം ചെയ്തുകൊണ്ടിരുന്നത് ഉമ്മന്‍ ചാണ്ടിയായിരുന്നു.

കരുണാകരനെതിരെ ഐ എസ് ആര്‍ ഒ ചാരകഥയില്‍ തുടങ്ങി ഒടുവില്‍ വിശ്വസ്തരായ ലീഗിനേയും മാണി കോണ്‍ഗ്രസിനേയും വരെ അടര്‍ത്തി മാറ്റി കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയതന്ത്രജ്ഞനായ കരുണാകരനെ അധികാരത്തില്‍ നിന്നും പുറത്താക്കിയ അട്ടിമറിയുടെ യഥാര്‍ത്ഥ സൂത്രധാരന്‍ ഉമ്മന്‍ ചാണ്ടിയായിരുന്നു. മുഖ്യമന്ത്രിയാകാന്‍ സമയമായി എന്ന് സ്വയം തിരിച്ചറിഞ്ഞ സന്ദര്‍ഭത്തില്‍ സഖ്യകക്ഷികളെ കൂട്ടത്തില്‍ നിര്‍ത്തി നേതൃമാറ്റം എന്ന ആവശ്യമുയര്‍ത്തി ആന്റണിയെ വെട്ടി ദില്ലിയിലേക്ക് തുരത്താന്‍ ഉമ്മന്‍ ചാണ്ടി ഒട്ടും മടികാണിച്ചതുമില്ല.

2011 ലെ തിരഞ്ഞെടുപ്പില്‍ കേവലം രണ്ടു സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ ചാണ്ടിയും യുഡിഎഫും അധികാരത്തില്‍ വന്നത്. തുടക്കത്തില്‍ ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യത്തിന് കീഴടങ്ങേണ്ടി വന്നെങ്കിലും പിന്നീട് ഒരു സഖ്യകക്ഷി സമ്മര്‍ദ്ദത്തിനും ഉമ്മന്‍ ചാണ്ടി കീഴടങ്ങിയിട്ടില്ല. ബാര്‍ കോഴയില്‍ കെ എം മാണി രാജിവെച്ചപ്പോള്‍ പി ജെ ജോസഫിനെ മന്ത്രിസഭയില്‍ നിലനിര്‍ത്തി മാണിക്ക് ചെക്ക് പറഞ്ഞത് ഉമ്മന്‍ ചാണ്ടിയുടെ വിദഗ്ദ്ധമായ കരുനീക്കമായിരുന്നു. വീരേന്ദ്ര കുമാറിന്റെ എല്‍ജെഡി മറുകണ്ടം ചാടാന്‍ ആലോചിച്ചപ്പോള്‍ കെ പി മോഹനനെ കൂട്ടത്തില്‍ നിര്‍ത്തി പിളര്‍പ്പ് ഭീഷണി ഉയര്‍ത്തിയതും ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രജ്ഞതയായിരുന്നു.

രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കണം എന്ന ആവശ്യം എന്‍ എസ് എസ്സ് ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടും തനിക്ക് കീഴില്‍ മറ്റൊരധികാര കേന്ദ്രം വേണ്ട എന്ന ഉറച്ച നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. താക്കോല്‍ സ്ഥാനത്ത് താനല്ലാതെ മറ്റൊരാള്‍ വേണ്ട എന്നതും ഉമ്മന്‍ ചാണ്ടിയുടെ ഉറച്ച നിലപാടായിരുന്നു. തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി മാത്രമാണ് ഉമ്മന്‍ ചാണ്ടി ഒടുവില്‍ ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്, അതും ചെറിയൊരു കാലയളവിലേക്ക് മാത്രം.

ഹൈക്കമാന്‍ഡിന്റെ പിന്തുണയോ ഹൈക്കമാന്‍ഡില്‍ സ്വാധീനമോ ഇല്ലാത്ത കോണ്‍ഗ്രസ് നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. അപൂര്‍വമായി മാത്രമേ ഉമ്മന്‍ ചാണ്ടി ഡല്‍ഹി സന്ദര്‍ശിച്ചിരുന്നുള്ളു. ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും ഉമ്മന്‍ ചാണ്ടി തന്റെ സന്ദര്‍ശനം ഒറ്റ ദിവസത്തിലേക്ക് ചുരുക്കി. സോണിയക്കോ രാഹുലിനോ പ്രിയപ്പെട്ട നേതാവായിരുന്നില്ല ഉമ്മന്‍ ചാണ്ടി. കേരളത്തിലെ പ്രവര്‍ത്തകര്‍ക്കിടയിലുള്ള സ്വാധീനം ഒന്നുമാത്രമായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന നേതാവിന്റെ കരുത്ത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിലെ ഉന്നത പദവികളൊന്നും ഉമ്മന്‍ ചാണ്ടിയെ തേടി വന്നിട്ടില്ല. അത് ഉമ്മന്‍ ചാണ്ടി ആഗ്രഹിച്ചിട്ടുമില്ല.

അടവും അനുനയവും ഉമ്മന്‍ ചാണ്ടിയോളം പയറ്റിയ മറ്റൊരു നേതാവ് ഒരുപക്ഷെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വേറെയില്ല. പറഞ്ഞാലും എഴുതിയാലും തീരാത്ത ഓർമ്മകൾ അവശേഷിപ്പിച്ചാണ് ഉമ്മൻ ചാണ്ടി യാത്രപറഞ്ഞ് പിരിഞ്ഞത്. ആ ഓർമ്മകൾ കോൺഗ്രസ് രാഷ്ട്രീയത്തിൻ്റെയും കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൻ്റെയും നേർസാക്ഷ്യങ്ങളായി ഉമ്മൻ ചാണ്ടിയില്ലാത്ത കാലത്തും മിഴിവോടെ തെളിഞ്ഞ് കിടക്കും.

Leave a Reply