ഇന്ന് പൊതു ബജറ്റ്. ധനമന്ത്രി നിർമലാ സീതാരാമൻ 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും. ബജറ്റിൽ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനപ്രിയ ബജറ്റ് ആകാനാണ് സാധ്യത.
കോവിഡിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ജനകീയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും. ആദായ നികുതി സ്ലാബുകളിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.
നിലവിലെ സ്ലാബ് പ്രകാരം 10 ലക്ഷം വരെ വാര്‍ഷിക വരുമാനുള്ളവര്‍ക്ക് 30 ശതമാനമാണ് നികുതി. ഇത് 15 ലക്ഷം വരെ 20 ശതമാനമാക്കാന്‍ സാധ്യതയുണ്ട്. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം വരെ ആക്കിയേക്കും. കോർപറേറ്റ് നികുതി നിരക്കുകളിൽ നേരത്തേ തന്നെ കൂടുതൽ ഇളവുകൾ വരുത്തിയിട്ടുള്ളതിനാൽ ഇതില്‍ മാറ്റം വന്നേക്കില്ല. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഭവന വായ്പകൾക്കുള്ള ആദായ നികുതി പരിധി നിലവിലെ ഒന്നരലക്ഷം രൂപയിൽ നിന്നു രണ്ടു ലക്ഷമായി ഉയർത്തിയേക്കാം. കർഷകർക്കുള്ള രാസവള സബ്സിഡിയും കൂട്ടിയേക്കും. കര്‍ഷകര്‍ക്ക് അനുകൂലമായ മറ്റ് പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. കോവിഡ് ബാധിച്ച് യാതൊരു സഹായവും കിട്ടാത്തവര്‍ക്കായി പ്രത്യേക പാക്കേജിനുള്ള സാധ്യതയുമുണ്ട്.