
യുക്രെയ്നില്‍നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ തുടര്‍പഠനത്തിന് പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അത്തരം നടപടികൾ രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ തുടര്‍പഠനത്തിനായി പ്രവേശനം നല്‍കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾ യുക്രെയ്നിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പോകാന്‍ കാരണം ഇന്ത്യയിലെ മെഡിക്കല്‍ പ്രവേശനത്തിന് ആവശ്യമായ മെറിറ്റ് ഇല്ലാത്തതുകൊണ്ടാണ്. അത്തരം വിദ്യാർത്ഥികളെ ഇന്ത്യയിലെ കോളജുകളില്‍ തുടരാന്‍ അനുവദിച്ചാല്‍ അത് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി.ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ തുടര്‍പഠനത്തിന് അനുമതി നല്‍കണമെന്നായിരുന്നു യുക്രെയ്നില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ ആവശ്യം.