പുത്തൂർ മിന്നല്‍ ചുഴിക്കാറ്റിന്റെ കാരണം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പരിശോധിക്കും: മന്ത്രി രാജൻ
ആദ്യഘട്ട സഹായം വിതരണം ചെയ്തു
പുത്തൂർ ഗ്രാമപഞ്ചായത്തിൽ അപ്രതീക്ഷിതമായുണ്ടായ മിന്നൽ ചുഴലിക്കാറ്റിന്റെ കാരണം പരിശോധിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റവന്യൂമന്ത്രി കെ രാജൻ. മിന്നല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ആദ്യഘട്ട സഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സംസ്ഥാന ജില്ലാ ദുരന്തനിവാരണ പ്ലാനുകൾക്ക് പുറമെ കേരളത്തിൽ പ്രാദേശിക അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനതല പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്. നദികളിൽ വന്നടിയുന്ന എക്കലും മണ്ണും നീക്കം ചെയ്യുന്നതിനായി ജലാശയ പുനരുജ്ജീവനത്തിനും സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്. നെതർലാൻഡ് മാതൃകയിൽ റൂം ഫോർ റിവർ പദ്ധതി നടപ്പിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ദുരന്ത ഘട്ടങ്ങളിൽ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി മൾട്ടി പർപ്പസ് ഷെൽറ്ററുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
പീച്ചി, കൈനൂർ, പുത്തൂർ വില്ലേജുകളിലെ മിന്നൽ ചുഴലിക്കാറ്റുണ്ടായ പ്രദേശത്തെ കുടുംബങ്ങൾക്ക് നഷ്ടപരിഹാര തുക നൽകി. 27 പേർക്ക് വീടിന് ധനസഹായവും 4 പേർക്ക് കന്നുകാലി തൊഴുത്തിന് നാശനഷ്ടം സംഭവിച്ചതിനുള്ള
ധനസഹായവും ചേർത്ത് ആകെ 14,22,100 രൂപയാണ് എസ്ഡിആർഎഫിൽ നിന്ന് അടിയന്തര ധനസഹായമായി നൽകിയത്. എസ്ഡിആർഎഫ് ഫണ്ടിൽ നിന്ന് നാല് വിഭാഗങ്ങളിലായാണ് ധനസഹായം വിതരണം ചെയ്തത്.
ചുഴിലിക്കാറ്റിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച രണ്ട് കുടുംബങ്ങൾക്ക്
52,700 രൂപയും തൊഴുത്ത് നഷ്ടമായ നാല് പേർക്ക് 2100 രൂപ വീതം 8400 രൂപയും പട്ടയമില്ലാത്ത ഭൂമിയിൽ
ഭാഗികമായി തകർന്ന വീടുകൾക്ക് 65,02,00 രൂപയും വീടിന് നാശനഷ്ടം സംഭവിച്ചവർക്ക് 76,35,00 രൂപയുമാണ് വിതരണം ചെയ്തത്.
കൂടാതെ നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. ചടങ്ങിൽ രക്ഷാപ്രവർത്തകരെ ആദരിച്ചു.
പുത്തൂർ പഞ്ചായത്തിലെ എം എ കാർത്തികേയൻ ആന്റ് എം ശങ്കരൻകുട്ടി സ്മാരക കല്യാണ മണ്ഡപത്തിൽ നടന്ന പരിപാടിയിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ അധ്യക്ഷയായി. ആർഡിഒ പി എ വിഭൂഷൺ, എൽ എ ഡെപ്യൂട്ടി കലക്ടർ മധുസൂദനൻ, തഹസിൽദാർ ടി ജയശ്രീ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ രവി, പീച്ചി -പുത്തൂർ – കൈനിക്കര വില്ലേജ് ഓഫീസർമാർ, പൂത്തൂർ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, മെമ്പർമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.