രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച 5ജി നെറ്റ്‌വര്‍ക്കില്‍ നിന്ന് ആദ്യ വീഡിയോ കോള്‍ ചെയ്ത് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി അശ്വനി വൈഷ്ണവ്. എന്‍ഡ് ടു എന്‍ഡ് നെറ്റ്‌വര്‍ക്ക് പൂര്‍ണമായും രാജ്യത്ത് തന്നെയാണ് രൂപകല്പന ചെയ്തതെന്നും വികസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ കാഴ്ചപാടിന്റെ സാക്ഷാത്കാരമാണിതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപാടിന്റെ സാക്ഷാത്കാരമാണ്. നമ്മുടെ സ്വന്തം 4 ജി, 5 ജി സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു. മദ്രാസ് ഐഐടിയില്‍ (IIT Madras) വെച്ചാണ് രാജ്യത്തെ ആദ്യത്തെ 5 ജി വിഡിയോ, ഓഡിയോ കോളിന്റെ പരീക്ഷണം അശ്വനി വൈഷ്ണവ് നിര്‍വഹിച്ചത്. ഐഐടി മദ്രാസിന്റെ നേതൃത്വത്തിലുള്ള ഐഐടി ഡൽഹി, ഐഐടി ഹൈദരാബാദ്, ഐഐടി ബോംബെ, ഐഐടി കാൺപൂർ, ഐഐഎസ്സി ബാംഗ്ലൂർ, സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ആൻഡ് റിസർച്ച് , സെന്റർ ഓഫ് എക്സലൻസ് ഇൻ വയർലെസ് ടെക്നോളജി തുടങ്ങിയ എട്ട് ഇൻസ്റ്റിറ്റ്യൂട്ടുകൾ ചേർന്നാണ് 5G ടെസ്റ്റ് ബെഡ് വികസിപ്പിച്ചിരിക്കുന്നത്.