
ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവള റൺവേയുടെ നീളം കുറക്കില്ലെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പിമാരുടെ സംഘത്തെ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ മലബാറിലെ എം.പിമാരുടെ സംഘമാണ് മന്ത്രിയെ കണ്ടത്. ഡോ. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, വി.കെ. ശ്രീകണ്ഠൻ, രാജ്മോഹന്‍ ഉണ്ണിത്താന് എന്നിവരായിരുന്നു സംഘത്തിൽ.
റൺവേ നീളം കുറക്കുന്നതിനെതിരെ കേരളത്തിലെ 20 എം.പിമാര്‍ ഒപ്പുവെച്ച വിശദമായ പ്രതിഷേധക്കുറിപ്പ് വ്യോമയാന മന്ത്രിക്ക് സംഘം കൈമാറി. റൺവേ നീളം കുറക്കുന്നത് സുരക്ഷ വർധിപ്പിക്കുകയല്ല, വിമാനത്താവള പ്രവർത്തനം കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്യുകയെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. ഇ.എം.എ.എസ് സ്ഥാപിച്ച് പൂര്‍ണമായ സുരക്ഷ ഉറപ്പു വരുത്തുകയോ, റെസ റൺവേക്ക് പുറത്തേക്ക് നീട്ടാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം.
മംഗലാപുരത്ത് റണ്‍വേക്ക് പുറത്ത് റെസ നീളം വർധിപ്പിക്കുകയാണ് ചെയ്തത്. കോഴിക്കോട് റണ്‍വേ നീളം കുറച്ചു മാത്രമെ റെസ വര്‍ധിപ്പിക്കൂ എന്ന സമീപനം ദുരുദ്ദേശ്യപരമാണ്. വലിയ വിമാനങ്ങളുടെ സര്‍വിസും ഹജ്ജ് എമ്പാർക്കേഷന്‍ പോയന്റും എന്നന്നേക്കുമായി ഇല്ലാതാക്കുന്ന, വിമാനത്താവളത്തെ തകര്‍ക്കുന്ന നീക്കത്തില്‍ നിന്നും ഉടൻ പിന്മാറണമെന്നും വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിച്ച് റെസ റണ്‍വേക്ക് പുറത്തേക്ക് മണ്ണടിച്ചു നീട്ടാനുള്ള നിര്‍ദേശം ഉടൻ നല്‍കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. അട്ടിമറി നീക്കങ്ങൾ ജനകീയ പ്രക്ഷോഭത്തിന് ഇടയാക്കും.
മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസൽ, ജോ. സെക്രട്ടറി എസ്.കെ. മിശ്ര, വിമാനത്താവള അതോറിറ്റി ചെയർമാൻ സഞ്ജീവ് കുമാർ, വ്യോമയാന ഡയറക്ടർ ജനറൽ അരുൺകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.