ബിരുദ ദാന ചടങ്ങില്‍ ധരിക്കുന്ന മഞ്ഞ ഗൗണും, കറുത്ത തൊപ്പിയും ധരിച്ച് ഗമയില്‍ ഇരിക്കുന്ന സുകിയുടെ ചിത്രം ഇപ്പോള്‍ വൈറലാണ്. ഫ്രാന്‍സെസ ബോര്‍ഡിയര്‍ എന്ന യുവതിയുടെ പ്രിയപ്പെട്ട പൂച്ച ആണ് സൂകി. മഹാമാരി സമയത്ത് പഠനം വീട്ടിലിരുന്ന് സൂം ക്ലാസുകൾ വഴിയായിരുന്നു. പങ്കെടുക്കുമ്പോള്‍ അവളുടെ അടുത്ത് സുകിയും ഇരിപ്പുണ്ടാകും. ക്ലാസുകള്‍ തീരുന്നത് വരെ സുകി അതും നോക്കി ഇരിക്കും. ഒരു ക്ലാസ് പോലും മുടങ്ങാതെ പങ്കെടുക്കുന്ന അര്‍പ്പണബോധമുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു സുകിയെന്ന് ഫ്രാന്‍സെസ. അവര്‍ ഇരുവരും ഇരിക്കുന്ന ചിത്രങ്ങള്‍ ഫ്രാന്‍സെസ അവളുടെ ഇന്‍സ്റ്റാഗ്രാമിലും, ട്വിറ്ററിലുമൊക്കെ പങ്കിട്ടു. ‘അതെ, എന്റെ പൂച്ച ഞാന്‍ നടത്തിയ എല്ലാ സൂം ക്ലാസ്സിലും പങ്കെടുത്തിരുന്നു. അതിനാല്‍ ഞങ്ങള്‍ രണ്ടുപേരും ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടുന്നതായിരിക്കും’ എന്നായിരുന്നു അവള്‍ ചിത്രങ്ങള്‍ക്ക് നല്‍കിയ അടിക്കുറിപ്പ്. സുകിയുടെ അര്‍പ്പണബോധത്തെയും അംഗീകരിക്കണമെന്ന് അവള്‍ക്ക് തോന്നി. അങ്ങനെയാണ് ചടങ്ങില്‍ സുകിയെയും ഉള്‍പ്പെടുത്താന്‍ ആലോചിച്ചത്.