
തളിപ്പറമ്പ് : പതിമൂന്നുകാരനായ സ്കൂൾ വിദ്യാർഥിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച യുവാവിന് തടവും പിഴശിക്ഷയും. ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിനു സമീപം അടുക്കം അയ്യരകത്ത് പുതിയ പുരയിൽ എ.പി.അയൂബിനെയാണ് (42) 9 വർഷം തടവിനും 85,000 രൂപ പിഴയ്ക്കും തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് വിധിച്ചത്.
ശ്രീകണ്ഠപുരത്തെ പച്ചക്കറി വ്യാപാരിയാണ് അയൂബ്. 2018 ജനുവരി 28ന് അയൂബ് 2 വിദ്യാർഥികളെ കാറിൽ കയറ്റിക്കൊണ്ടു പോയി സ്വയം പരിചയപ്പെടുത്തുകയും ഇവിടെയുള്ള ഒരു വിവാഹ വീട്ടിൽനിന്ന് കുട്ടികളുടെ പേരു മാറ്റിപ്പറയിച്ച് ഭക്ഷണം വാങ്ങി നൽകുകയും ചെയ്തിരുന്നു. പിന്നീട് ഫെബ്രുവരി 4ന് കുട്ടികളെ കടയിലേക്കു വരുത്തി. ഒരു കുട്ടിക്ക് 100 രൂപ നൽകി തിരിച്ചയച്ച ശേഷം രണ്ടാമനെ സ്കൂട്ടറിൽ കൊണ്ടുപോയി.
തുടർന്ന് ഇയാളുടെ ബന്ധുവിന്റെ ആൾത്താമസമില്ലാത്ത വീട്ടിലെത്തിച്ച് ബിരിയാണി നൽകിയ ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ശ്രീകണ്ഠപുരം ഇൻസ്പെക്ടറായിരുന്ന വി.വി. ലതീഷ്, എസ്ഐ ഇ.നാരായണൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. വാദി ഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.