മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലോടെ തിയറ്ററുകളിൽ എത്തിയ ചിത്രം ‘മാർക്കോ’ വൻ തരംഗം സൃഷ്ടിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ്ങോടെ ആരംഭിച്ച ചിത്രത്തിന്റെ കലക്ഷൻ വൻ പ്രേക്ഷക പ്രതികരണത്തോടൊപ്പം മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഉണ്ണിയുടെ പ്രകടനത്തെ പ്രകീർത്തിച്ച് സംസാരിച്ചിരിക്കുകയാണ് ആസിഫ് അലി. അതിഗംഭീര ചിത്രമാണ് മാർക്കോയെന്നും ഇത്രയും ഇത്തരമൊരു സിനിമയിൽ അഭിനയിക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ആസിഫ് അലി പറഞ്ഞു.
“മാർക്കോ കണ്ടതിന് ശേഷം വ്യക്തിപരമായി എനിക്ക് വളരെയധികം സന്തോഷം തോന്നിയിരുന്നു. ഉണ്ണിയെ വിളിക്കാൻ പറ്റിയില്ല. സിനിമ കണ്ടതിന് ശേഷം അവന് മെസേജ് അയച്ചിരുന്നു. സ്ക്രീനിൽ നമ്മൾ ആകെ കാണുന്നത് ഉണ്ണിയെ മാത്രമാണ്. ഐ ലവ് മീ എന്ന സിനിമയിലാണ് ഞങ്ങൾ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത്.
അന്ന് ഞാൻ എല്ലാവരോടും പറയുമായിരുന്നു. ഇവന് ഉണ്ണി എന്നല്ലാതെ മറ്റൊരു പേരും ചേരില്ലെന്ന്. കാരണം അത്രയ്‌ക്കും പാവമാണ്. പക്ഷേ ആക്ഷൻ സീനുകൾ ചെയ്യുന്ന സമയത്ത് വല്ലാത്തൊരു എനർജി ഉണ്ണിക്ക് കിട്ടാറുണ്ട്. തന്റെ ശരീരത്തെയും ആരോഗ്യത്തെയും കുറിച്ച് വളരെയധികം ശ്രദ്ധിക്കും. ഒരു ദുശീലങ്ങളുമില്ലാത്തൊരു വ്യക്തിയാണ് ഉണ്ണിയെന്നും” ആസിഫ് അലി പറഞ്ഞു.