മലയാള സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു ഇത്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ വിജയം സംഭവിച്ച വര്‍ഷം പ്രേമലു, ഭ്രമയുഗം, ആടുജീവിതം, ആവേശം തുടങ്ങി മറുഭാഷക്കാരും തിയറ്ററുകളിലെത്തി കണ്ട നിരവധി ചിത്രങ്ങള്‍ ഉണ്ടായി. 2024 അവസാനിക്കുംമുന്‍പ് എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയും സമാനമായി ഭാഷാഭേദമന്യേ തിയറ്ററുകളിലേക്ക് ആളെ കൂട്ടുകയാണ്.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനിയാണ് മാർക്കോ സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് ആദ്യ ദിനം നാലര കോടിക്ക് മുകളില്‍ നേടിയ ചിത്രത്തിന്‍റെ ആഗോള ഓപണിംഗ് 10.8 കോടിയായിരുന്നു. ഇപ്പോഴിതാ കേരളവും തമിഴ്നാടും സൗത്ത് ഇന്ത്യയും താണ്ടി ചിത്രം ഉത്തരേന്ത്യ വരെ കീഴടക്കിയിരിക്കുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്രയധികം വിജയം കൊയ്ത ആദ്യചിത്രം എന്ന നേട്ടവും മാർക്കോ സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി താൻ എടുത്ത എഫെർട്ടിനെ കുറിച്ചും മാർക്കോ പ്രതീക്ഷിച്ചതിലും വിജയം ആയതിനെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.
“ഒരുപാട് സന്തോഷം. ഒരുപാട് എഫെർട്ട് എടുത്ത് ചെയ്ത സിനിമയാണ് മാർക്കോ. കഴിഞ്ഞ അഞ്ചാറ് വർഷങ്ങളായിട്ട് ആക്ഷൻ സിനിമകൾ വേണ്ട, ഫാമിലി സിനിമകൾ ചെയ്ത് മുന്നോട്ട് പോകുകയായിരുന്നു. മാളികപ്പുറത്തിന്റെ സമയത്താണ് ഹനീഫ്, മാർക്കോയെ കുറിച്ച് പറയുന്നത്. പിന്നീടത് മുന്നോട്ട് പോയി. നമ്മൾ ആഗ്രഹിച്ചത് പോലെ സിനിമ എടുക്കാൻ പറ്റി. മാർക്കോ ഹിറ്റടിക്കുമെന്ന് ഉറപ്പായിരുന്നു. മലയാളത്തിൽ ഇതുവരെ നടന്മാർ ചെയ്യാത്ത ആക്ഷൻസ് ചെയ്യാൻ ഞാൻ റെഡി ആയിരുന്നു. പിന്നെ മിനിമം ഗ്യാരന്റി കഥയും ഉണ്ട്. അതുകൊണ്ട് ഹിറ്റടിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഇത്രയും വലിയ ഹിറ്റാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരു ദിവസം മലയാളത്തേക്കാൾ കൂടുതൽ കളക്ഷൻ ഹിന്ദിയിൽ നിന്നും നമുക്ക് കിട്ടി” എന്നുമാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്.
അതേസമയം “മാർക്കോ 2 ഉണ്ടാവും. ചിലപ്പോൾ മൂന്നുണ്ടാവും. എന്റെ മനസു പറയുന്നു മാർക്കോ നാലും ഉണ്ടാവും. അതുവരെ നമ്മൾ പോകും. ബാക്കി നമ്മുടെ ആരോഗ്യം പോലെ” എന്നും ഉണ്ണി മുകുന്ദൻ തമാശയായി പറഞ്ഞു