താരസംഘടനയായ അമ്മയിലെ ട്രഷറര്‍ സ്ഥാനം രാജിവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ സന്തോഷപൂര്‍വ്വം പ്രവര്‍ത്തിച്ച സ്ഥാനം ആണെങ്കിലും സിനിമകളുടെ വര്‍ധിച്ചുവരുന്ന തിരക്കുകള്‍ക്കൊപ്പം ഈ ചുമതലകള്‍ ഒപ്പം കൊണ്ടുപോവുക പ്രയാസകരമാണെന്ന് മനസിലാക്കിയാണ് രാജി തീരുമാനമെന്ന് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മറ്റൊരാള്‍ വരുന്നതുവരെ ട്രഷറര്‍ സ്ഥാനത്ത് താന്‍ ഉണ്ടാവുമെന്നും.
“എന്നെ സംബന്ധിച്ച് ആവേശകരമായ അനുഭവമായിരുന്നു അമ്മയിലെ ഭാരവാഹിത്വം. ഞാന്‍ അത് ആസ്വദിച്ചിട്ടുമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമകളുടെ തിരക്ക് കൂടി. പ്രത്യേകിച്ചും മാര്‍ക്കോ, ഒപ്പം മറ്റ് സിനിമകളുടെയും തിരക്ക്. ഇത് എന്‍റെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. പ്രൊഫഷണല്‍ ജീവിതത്തിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്കിടെ സംഘടനയിലെ ഉത്തരവാദിത്തം കൂടി നിറവേറ്റുക പ്രയാസകരമായിരിക്കും. എന്‍റെയും കുടുംബത്തിന്‍റെയും സൗഖ്യം ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യം ഞാനിപ്പോള്‍ തിരിച്ചറിയുന്നു.”
“സംഘടനയില്‍ എന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ എന്‍റെ പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ജോലിസംബന്ധമായ തിരക്കുകള്‍ കാരണം മുന്നോട്ട് അത് അസാധ്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഹൃദയഭാരത്തോടെയാണ് ഞാന്‍ രാജിക്കത്ത് നല്‍കിയത്. ഭാരവാഹിത്വത്തിലെ കാലയളവില്‍ എനിക്ക് ലഭിച്ച പിന്തുണയ്ക്കും വിശ്വാസത്തിനും ഞാന്‍ ഏറെ നന്ദിയുള്ളവനാണ്. ഈ സ്ഥാനത്തേക്ക് എത്തുന്നയാള്‍ക്ക് എല്ലാവിധ ആശംസകളും”, രാജി വിവരം അറിയിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ കുറിപ്പില്‍ ഉണ്ണി മുകുന്ദന്‍ കുറിച്ചു.