ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ തമിഴ് ടീസർ റിലീസ് ചെയ്തു. നടൻ തന്നെയാണ് ടീസർ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ മലയാളം, തെലുങ്ക്, ഹിന്ദി ടീസറുകളെ പോലെ തന്നെ തമിഴിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് തമിഴിലും ഡബ്ബ് ചെയ്തിരിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് വിവരം.
ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന മാർക്കോ സംവിധാനം ചെയ്യുന്നത് ഹനീഷ് അദേനിയാണ്. 100 ദിവസം എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഇതിൽ 60 ദിവസവും ആക്ഷൻ രംഗങ്ങൾക്ക് വേണ്ടിയാണ് മാറ്റിവച്ചത്. മലയാള സിനിമയിലെ മറ്റൊരു നാഴികക്കല്ലായി മാറാൻ പോകുന്ന ത്രില്ലറാണിതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്ന ചിത്രം 30 കോടി ബജറ്റിലാണ് ഒരുങ്ങിയതെന്നാണ് വിവരം.
അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. രവി ബസ്രൂർ ആണ് സംഗീതം ഒരുക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.