സെക്രട്ടറിയേറ്റ് ഫയലുകളിലെ ചുവപ്പുനാട നീക്കാനാണ് ഭരണപരിഷ്ക്കാര കമ്മീഷണറുടെ ശുപാർശ പ്രകാരമുള്ള പരിഷ്ക്കരണം. അഞ്ചു സെക്രട്ടറിമാർ കണ്ട് മന്ത്രി വഴി മുഖ്യമന്ത്രിക്ക് നൽകേണ്ട ഫയലുകള്‍ ഇനി മുതൽ സെക്ഷൻ ഓഫീസർ കഴിഞ്ഞാൽ മൂന്നു തട്ടിലെ സെക്രട്ടറിമാർ കണ്ട് മന്ത്രിക്ക് കൈമാറാം. ഇതിൽ സെക്രട്ടറി കാണേണ്ടതില്ലാത്ത ഫയലുകള്‍ ഉന്നത ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ച് വകുപ്പ് മന്ത്രിക്ക് നൽകണം. സാധാരണ സെക്ഷൻ ഓഫീസർ കഴിഞ്ഞാൽ അണ്ടർ സെക്രട്ടറി ഫയൽ കാണണം, അതുകഴിഞ്ഞാൽ ഡെപ്യൂട്ടി-ജോയിന്‍റ്- അഡീഷണൽ, സ്പെഷ്യൽ സെക്രട്ടറി- സെക്രട്ടറി അതുകഴിഞ്ഞാൽ മന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകും – ഇങ്ങിനെയാണ് നിലവിലെ തട്ടുകൾ. പുതിയ പരിഷ്ക്കരണം വരുന്നതോടെ അധികമാകുന്ന തസ്തികകള്‍ സർക്കാർ പുനർവിന്യസിക്കും. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് തട്ടുകൾ കുറക്കാൻ തീരുമാനമെടുത്തത്.