ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ ഇന്ത്യയുമായും പാകിസ്ഥാനുമായും വളരെ അടുത്തയാളാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യ- പാക് അതിർത്തിയിൽ സംഘർങ്ങൾ നിലനിൽക്കുന്നുണ്ട്. ഇരു രാജ്യങ്ങളും ചേർന്ന് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1500 വർഷങ്ങളായി കശ്മീരിൽ ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നം നിലനിൽക്കുന്നുണ്ട്. ഒരു പക്ഷെ അതിൽക്കൂടുതൽ കാലമായി ഇതു തുടങ്ങിയിട്ട്. എന്നാൽ ഇപ്പോൾ നടന്ന ഭീകരാക്രമണം തെറ്റാണ്. ഇരു രാജ്യങ്ങളെ നേതാക്കളെയും എനിക്കറിയാം. അവർ തന്നെ കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കുമെന്നും ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പഹൽഗാം സംഭവം നടന്നതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഡോണൾഡ് ട്രംപ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. ഈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് ഇന്ത്യയ്ക്ക് പൂർണ പിന്തുണയും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ, സിന്ധു നദീജലകരാർ മരവിപ്പിച്ചത് അറിയിച്ച് പാകിസ്ഥാന് നയതന്ത്ര കുറിപ്പ് നൽകി ഇന്ത്യ. ലോകബാങ്ക് ഇടപെട്ടുള്ള തർക്കപരിഹാര ചർച്ചകളിൽ നിന്നും ഇന്ത്യ പിൻമാറിയേക്കും. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറ്റോർണി ജനറലിന്റെ ഉപദേശം തേടി. സിന്ധു നദിയിലെ രണ്ട് ജലവൈദ്യുത പദ്ധതികളിൽ പാകിസ്ഥാന്റെ പരാതിയിൽ ലോകബാങ്ക് ഇടപെട്ടിരുന്നു. ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാന് നല്‍കില്ലെന്ന് നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിലെ തുടര്‍നീക്കങ്ങളും അമിത്ഷായുടെ നേതൃത്വത്തില്‍ വിലയിരുത്തിയിരുന്നു. പാകിസ്ഥാന് ജലം നല്‍കാതിരിക്കാനുള്ള ഹ്രസ്വകാല ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കിയെന്നും മന്ത്രി അറിയിച്ചിരുന്നു.
ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജൽ ശക്തി മന്ത്രി സിആര്‍ പാട്ടീൽ നിലപാട് കടുപ്പിച്ചത്. ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാനിലേക്ക് പോകില്ലെന്നും അതിനായി സര്‍ക്കാര്‍ ഹ്രസ്വ, ദീര്‍ഘ കാല പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നദികളിലെ മണ്ണ് നീക്കി വെള്ളം വഴിതിരിച്ച് വിടാനുള്ള പദ്ധതികൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.